ഇൻഫോപാർക്ക് മൂന്നാം ഘട്ടം; പിടിമുറുക്കി റിയൽ എസ്റ്റേറ്റ് ലോബി
text_fieldsകടമ്പ്രയാറിനോട് ചേർന്ന് തരിശായി കിടക്കുന്ന പാടശേഖരം
കിഴക്കമ്പലം: ഇ൯ഫോപാ൪ക്ക് രണ്ട് ഘട്ടങ്ങളിലെ കെട്ടിടങ്ങൾ പൂ൪ണമായും നിറഞ്ഞ സാഹചര്യത്തിൽ മാതൃക ഐ.ടി പാ൪ക്കായി മൂന്നാം ഘട്ടത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇ൯ഫോപാ൪ക്ക് മൂന്നാം ഘട്ടത്തിന് തുടക്കം കുറിക്കാൻ തീരുമാനിച്ചതോടെ മേഖലയിൽ പിടിമുറുക്കി റിയൽ എസ്റ്റേറ്റ് ലോബി. ഇൻഫോപാർക്ക് മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായ ലാൻഡ് പൂളിങ് സംബന്ധിച്ച മെമ്മോ റാൻഡം ഓഫ് അണ്ടർസ്റ്റാൻഡിങ് (എം.ഒ.യു) കരാറിൽ മുഖ്യമന്ത്രി സെപ്റ്റംബർ 29ന് ഒപ്പുവെക്കും.
കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലായി കടമ്പ്രയാറിന്റെ ഇരുകരകളിലും തരിശ്ശായി കിടക്കുന്ന ഏക്കർ കണക്കിന് പാടശേഖരങ്ങളാണ് ഇൻഫോപാർക്ക് മൂന്നാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ജില്ലയിൽ കിഴക്കമ്പലം, കുന്നത്തുനാട് കേന്ദ്രീകരിച്ച് മുന്നൂറേക്കറിലാകും ഇൻഫോപാർക്ക് മൂന്നാം ഘട്ട പദ്ധതി. ഐ.ടി കമ്പനികൾക്ക് പുറമെ പാ൪പ്പിട സൗകര്യങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, കായിക-സാംസ്കാരിക സംവിധാനങ്ങൾ, ആശുപത്രികൾ തുടങ്ങിയവ ഇതിന്റെ ഭാഗമായിരിക്കും.
വൻകിട പദ്ധതികൾ മുന്നിൽ കണ്ട് കടമ്പ്രയാറിന്റെയും കൈവഴികളുടെയും പരിസര പ്രദേശങ്ങളിലെ ഏക്കർ കണക്കിന് പാടശേഖരങ്ങൾ ഇതിനകം തന്നെ കോർപറേറ്റുകൾ കൈയടക്കി കഴിഞ്ഞു. കടമ്പ്രയാറും കൈവഴികളും പുല്ലും പായലും നിറഞ്ഞ് ഒഴുക്ക് നിലച്ചതോടെ പാടശേഖരങ്ങളിൽ കൃഷി ഇറക്കാതായി. ഇതോടെ കർഷകരിൽ നിന്നും ഇടനിലക്കാർ വഴി ചുളുവിലക്ക് കോർപറേറ്റുകൾ വാരിക്കൂട്ടിയിരിക്കുകയാണ് സ്ഥലങ്ങൾ. ഇതിനകം ഏക്കർ കണക്കിന് പാടശേഖരമാണ് വൻകിടക്കാർ മണ്ണിട്ട് നികത്തിയത്.
കടമ്പ്രയാർ ടൂറിസം പദ്ധതി, കടമ്പ്രയാറിന് കുറുകെ നിർമിക്കുമെന്ന് പറയുന്ന മൂവാറ്റുപുഴ കാക്കനാട് നാലുവരി പാത, അങ്കമാലി കുണ്ടന്നൂർ ബൈപാസ്, തങ്കളം കാക്കനാട് റോഡ്, കടമ്പ്രയാറിന്റെ ഇരുകരകളിലുമുള്ള ഇൻഫോപാർക്കിന്റെ വികസനം, സ്മാർട്ട് സിറ്റി നിർമാണം ഇതെല്ലാം കണ്ടാണ് കോർപറേറ്റുകൾ കണ്ണ് വെക്കുന്നത്. ഏക്കർ കണക്കിന് പാടശേഖരങ്ങൾ ആരുടേതാണന്ന് പരിസരവാസികൾക്ക് പോലും അറിയാനാവാത്ത അവസ്ഥയാണ്. കടമ്പ്രയാർ വർഷ കാലത്ത് മാത്രമല്ല വേനലിലും കരകവിഞ്ഞ് ഒഴുകുന്ന നദിയാണ് എന്നതും കൊച്ചിയിൽ നിന്ന് ഈ ഭാഗത്തേക്ക് ജലഗതാഗത സൗകര്യമുണ്ട് എന്നതും കോർപറേറ്റുകളെ ആകർഷിക്കുന്നു. കടമ്പ്രയാറിന്റെ ഇരുകരകളിലും വ്യാപക കയ്യേറ്റമുണ്ടന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

