റെയിൽവേ ബജറ്റ്: ശബരി പാത ഇടംപിടിച്ചാൽ നേട്ടമാകും
text_fieldsകൊച്ചി: കേന്ദ്ര ബജറ്റിനൊപ്പം അവതരിപ്പിക്കുന്ന റെയിൽവേ ബജറ്റിൽ ഇക്കുറി നേട്ടം കൊയ്യാനാകുമോയെന്ന ആകാംക്ഷയിലാണ് കേരളം. അതിൽ പ്രധാനം വീണ്ടും പ്രതീക്ഷയുടെ ട്രാക്കിലായ ശബരി റെയിൽവേയും. കിഫ്ബിയിലൂടെ പദ്ധതിയുടെ പകുതി തുക കണ്ടെത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ തുടർനീക്കം ഉണ്ടാകുെമന്നാണ് പ്രതീക്ഷ.
2020 റെയിൽവേ ബജറ്റിൽ ശബരി പാത പദ്ധതി ഇടംപിടിച്ചെങ്കിലും 1000 രൂപ ടോക്കൺ മാത്രമാണ് അനുവദിച്ചത്. ആകെ പദ്ധതി ചെലവായ 2815.62 കോടിയിൽ പകുതി ചെലവ് വഹിക്കാനാണ് സംസ്ഥാന മന്ത്രിസഭ തീരുമാനം. പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്ന് റെയിൽവേ നേരേത്ത ആവശ്യപ്പെട്ടിരുന്നു.
പദ്ധതിക്ക് കീഴിൽ 116 കിലോമീറ്റർ വരുന്ന അങ്കമാലി-അഴുത പാതയുടെ നിർമാണവും പരിപാലനവും റെയിൽവേയുടെ ഉത്തരവാദിത്തമാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് നിർമാണം ലക്ഷ്യമിടുന്നത്. വരുമാനം സംസ്ഥാനവും റെയിൽവേയും തുല്യമായി പങ്കിടും.
അങ്കമാലിയിൽനിന്ന് കാലടിവരെ ഒമ്പതു കിലോമീറ്റർ റെയിൽപാത നിർമാണം 2010ൽ പൂർത്തീകരിച്ചിരുന്നു. ചേലാമറ്റം, പെരുമ്പാവൂർ, കൂവപ്പടി, വേങ്ങൂർ വെസ്റ്റ്, രായമംഗലം, അശമന്നൂർ, മൂവാറ്റുപുഴ വില്ലേജുകളിൽ ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് നടപടികൾ പൂർത്തിയാക്കി. സ്ഥലം ഉടമകൾക്ക് നൽകാൻ തുക റെയിൽവേ അനുവദിക്കാൻ തയാറാകാത്തതാണ് പദ്ധതി നിലക്കാൻ കാരണം.