പുതുവൈപ്പ് സംഘര്‍ഷം; എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫിസിലും ഏറ്റുമുട്ടല്‍
text_fieldsപുതുവൈപ്പ് സംഘര്‍ഷം
വൈപ്പിന്‍: കഴിഞ്ഞദിവസം പുതുവൈപ്പിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫിസിലും ഏറ്റുമുട്ടല്‍. പുതുവൈപ്പിലെ പ്രിയദര്‍ശിനി റോഡില്‍ അമിതവേഗത്തില്‍ വാഹനമോടിച്ചവര്‍ മയക്കുമരുന്ന് മാഫിയയുടെ ഭാഗമാണെന്നും അവര്‍ക്ക് ഒത്താശ ചെയ്യുന്ന വാര്‍ഡ് അംഗം അഡ്വ. ലിഗീഷ് സേവ്യര്‍ പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കരുതെന്ന ആവശ്യവുമായാണ് ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിലെത്തിയത്. പുതുവൈപ്പ് സംഭവം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഭരണസമിതിയിലെ സി.പി.എം അംഗങ്ങള്‍ ഉന്നയിച്ചു. ഈ ആവശ്യം പ്രസിഡന്റ് നിരാകരിച്ചതോടെ സി.പി.എം അംഗങ്ങള്‍ ഇറങ്ങിപ്പോയി. യോഗത്തിനെത്തിയ ലിഗീഷ് സേവ്യറിനെ തടയാനുള്ള ശ്രമമാണ് സംഘര്‍ഷത്തിലേക്കെത്തിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി കൂടിയായ പഞ്ചായത്ത് അംഗം സ്വാതിഷ് സത്യന് ഇതിനെതിരെ രംഗത്തെത്തി. മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും പൊലീസുകാരുടെ സാന്നിധ്യം കുറവായത് പ്രശ്നമായി. സംഘര്‍ഷത്തില്‍ പഞ്ചായത്ത് അംഗങ്ങളായ സ്വാതിഷ് സത്യന്, ലിഗീഷ് സേവ്യര്‍, ഡി.വൈ.എഫ്.ഐ വൈപ്പിന്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് വിമല്‍ മിത്ര, ബ്ലോക്ക് കമ്മിറ്റി അംഗം കെ.പി. പ്രശാന്ത്, എ.എസ്. അഖിലേഷ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറി പൊലീസില്‍ പരാതി നല്കി. പഞ്ചായത്ത് കമ്മിറ്റി യോഗത്തിനെത്തിയ രണ്ട് അംഗങ്ങളെ കൈയേറ്റം ചെയ്ത നടപടിയെ അപലപിച്ച പഞ്ചായത്ത് കമ്മിറ്റിയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
സമാധാനപരമായി പ്രതിഷേധിച്ചിടത്ത് എത്തിയ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വിവേക് ഹരിദാസ് പ്രകോപനം സൃഷ്ടിച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ.വി. നിജില്‍ പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി ഗോകുല്‍ദാസിനെയും സുഹൃത്തുക്കളെയും മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം ബ്ലോക്ക് സെക്രട്ടറി കെ.വി. നിജില്‍ ഉദ്ഘാടനം ചെയ്തു.
അതേസമയം, യൂത്ത് കോണ്‍ഗ്രസുകാരായ പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ ആരോപണം ഉന്നയിക്കുകയാണ് ഡി.വൈ.എഫ്.ഐ ചെയ്യുന്നതെന്ന് യൂത്ത് കോണ്‍ഗ്രസും കുറ്റപ്പെടുത്തി.
ഡി.വൈ.എഫ്.ഐ ഉന്നയിച്ച ആരോപണത്തിന്റെ പേരില്‍ ഒരു അംഗത്തെ പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ പങ്കെടുപ്പിക്കില്ല എന്ന നിലപാട് ഗുണ്ടായിസമാണെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

