പള്ളുരുത്തിയിൽ പുലവാണിഭമേള ആരംഭിച്ചു
text_fieldsപുലവാണിഭമേളയിൽ നിന്ന്
പള്ളുരുത്തി: ചരിത്രത്തിന്റെ ഓർമ്മകൾ പുതുക്കി പള്ളുരുത്തിയിൽ പുല വാണിഭ മേള ആരംഭിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തിന് മുമ്പ്തന്നെ കൊച്ചി രാജാവിന്റെ പ്രത്യേക ഉത്തരവുപ്രകാരം പുലയ സമുദായ അംഗങ്ങൾക്ക് അഴകിയ കാവ് ഭഗവതിയെ തൊഴുത് വഴിപാട് സമർപ്പിക്കാനുള്ള അനുവാദം രാജാവ് നൽകിയിരുന്നു. ചരിത്രാതീതകാലം മുതൽ നിലനിൽക്കുന്ന ഒരാചാരമാണ് ഇവിടെ നടക്കുന്ന പുല നേർച്ച.പുലയ സമുദായ അംഗങ്ങൾക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചു നൽകിയ ദിവസം കൂടിയാണിത്. ഒരുവർഷക്കാലം മുഴുവൻ തങ്ങളുടെ അധ്വാന ഫലത്താൽ ഉണ്ടായ ഉല്പന്നങ്ങൾ ഇവിടെ വിൽപ്പന നടത്താനും അനുവാദം നൽകിയെന്ന് ചരിത്ര രേഖകൾ പറയുന്നു.
പനമ്പ് ഉല്പന്നങ്ങളായ പായ, കുട്ട ,വട്ടി, മുറം വിവിധ നടീൽ വസ്തുക്കളും മൺ പാത്രങ്ങളും ഇരുമ്പിൽ തീർത്ത വിവിധ ഉപകരണങ്ങളും വിവിധ തരം കത്തികളും പ്ലാസ്റ്റിക്കിൽ തീർത്ത വിവിധ ഗൃഹോപകരണങ്ങളും കരിങ്കല്ലിൽ തീർത്ത ആട്ടുകല്ല്, അരകല്ല് ,ഉരൽ ,വിവിധ തരം ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ മേളയുടെ ആകർഷണങ്ങളാണ്.കടൽ മത്സ്യമായ സ്രാവ് ഉണക്കിയത് പുല വാണിഭമേളയിലെ പ്രധാന വിഭവമാണ്. ആദ്യകാലങ്ങളിൽ കൊച്ചിയുടെ പുറത്തുനിന്നുള്ള വ്യാപാരികളും കച്ചവടത്തിനായി ഇവിടെ എത്തിയിരുന്നു.
ചങ്ങാടങ്ങൾ കൂട്ടിക്കെട്ടി കായൽ മാർഗമായിരുന്നു സഞ്ചാരം.
ധനുമാസത്തിലെ അവസാന ബുധനും വ്യാഴവുമാണ് മേളയെങ്കിലും ദിവസങ്ങൾക്കു മുമ്പുതന്നെ കച്ചവടക്കാരും മറ്റും ഇവിടെ എത്തിയിരുന്നു. ആരും നേതൃത്വം നൽകാതെ സ്വയം സംഘടിപ്പിക്കപ്പെടുന്ന ഒരു മേളയാണിതെന്നതാണ് മറ്റൊരു പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

