വൃക്ഷങ്ങളുടെ വേരുകൾ മുറിക്കുന്നതിൽ പ്രതിഷേധം
text_fieldsഫോർട്ടുകൊച്ചി: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഫോർട്ടുകൊച്ചി കമാലക്കടവ് ഭാഗത്ത് കാന നിർമാണത്തിനായി കൂറ്റൻ തണൽ വൃക്ഷങ്ങളുടെ വേരുകൾ മുറിച്ചു മാറ്റുന്നതിൽ പ്രതിഷേധം. ഫോർട്ടുകൊച്ചിയുടെ നയനമനോഹരമായ കാഴ്ചയാണ് കൂറ്റൻ തണൽ വൃക്ഷങ്ങളുടെ നീണ്ടനിര. ഡച്ച് ഭരണ കാലയളവിൽ നട്ടുപിടിപ്പിച്ച വൃക്ഷങ്ങളാണ് ഇവയെന്ന് ചരിത്രകാരന്മാർ പറയുന്നു. അടുത്ത കാലത്തായി നാട്ടുകാർ നട്ടുപിടിപ്പിച്ച് കായ്ഫലം നൽകുന്ന വൃക്ഷങ്ങളും ഔഷധസസ്യങ്ങളും വേറെയുമുണ്ട്.
എന്നാൽ, പദ്ധതിയുടെ ഭാഗമായി വളരെ ആഴത്തിൽ കാന പണിയുമ്പോൾ വൃക്ഷങ്ങളുടെ വേരുകൾ മുറിച്ചുമാറ്റപ്പെടുകയാണ്. ഇത് വൃക്ഷത്തിെൻറ ബലക്ഷയത്തിന് ഇടയാക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ചൂണ്ടിക്കാണിക്കുന്നത്.
വികസനത്തിന് എതിരെല്ലങ്കിലും വൻ വൃക്ഷങ്ങൾക്ക് ഭീഷണി ഉയർത്തുന്ന നടപടിയിൽനിന്ന് സ്മാർട്ട് മിഷൻ സിറ്റി ഉദ്യോഗസ്ഥർ പിൻമാറണമെന്ന് 'കൊച്ചിക്കൊരു പച്ചപ്പ്' സംഘടന ഭാരവാഹികളായ എം.എം. ബഷീർ, പി.എസ്. അബ്ദുക്കോയ എന്നിവർ ആവശ്യപ്പെട്ടു.