മൂവാറ്റുപുഴ: പ്രദേശവാസികളുടെ നീണ്ടകാല മുറവിളിക്കൊടുവിൽ പോയാലിമല ടൂറിസം പദ്ധതി നടപ്പാക്കാൻ പായിപ്ര പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. പദ്ധതിക്ക് റവന്യൂ വകുപ്പിൽനിന്ന് ഭൂമി വിട്ടുകിട്ടുന്നതിന് സംസ്ഥാന റവന്യൂ വകുപ്പിനെയും ജില്ല ഭരണകൂടെത്തയും സമീപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് മാത്യൂസ് വർക്കി അറിയിച്ചു. ശനിയാഴ്ച രാവിലെ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് അംഗങ്ങൾ പോയാലിമല സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങളും വാച്ച് ടവർ, കൃത്രിമ വെള്ളച്ചാട്ടം എന്നിവയും ഒരുക്കുമെന്ന് മാത്യൂസ് വർക്കി പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിസ മൈതീൻ, സ്ഥിരം സമിതി അധ്യക്ഷരായ വി.ഇ. നാസർ, എം.സി. വിനയൻ, സാജിദ മുഹമ്മദലി, ജില്ല പഞ്ചായത്ത് അംഗം ഷാൻറി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റിയാസ് ഖാൻ, ഒ.കെ. മുഹമ്മദ് എന്നിവരുമുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനും വാർഡ് മെംബർ റെജീന ഷിഹാജ് കൺവീനറും സക്കീർ ഹുസൈൻ, മുഹമ്മദ് ഷാഫി (പ്രത്യേക ചുമതല) അംഗങ്ങളായി പോയാലിമല ടൂറിസം െഡവലപ്മെൻറ് കമ്മിറ്റി രൂപവത്കരിച്ചു. 12 പഞ്ചായത്ത് മെംബർമാർ സമിതിയിൽ അംഗങ്ങളാണ്. ഡീൻ കുര്യാക്കോസ് എം.പി, എൽദോ എബ്രഹാം എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം ഷാൻറി എബ്രഹാം എന്നിവർ രക്ഷാധികാരികളാണ്.
പായിപ്ര പഞ്ചായത്തിലെ മൂന്നാം വാർഡിലെ 16 ഏക്കറോളം സ്ഥലത്താണ് പോയാലിമല സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് 300 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലമുകളിലെ പ്രകൃതിഭംഗി ആസ്വദിക്കാൻ നിരവധി പേരാണ് എത്തുന്നത്.