പോസ്റ്റ്മാൻ തസ്തിക വെട്ടിക്കുറച്ചു; തപാൽ വിതരണം പ്രതിസന്ധിയിൽ
text_fieldsതപാൽ വകുപ്പിന്റെ ആലുവ വിതരണ കേന്ദ്രത്തിൽ (ഐ.ഡി.സി) മാനദണ്ഡങ്ങൾ പാലിക്കാതെ പോസ്റ്റ്മാൻമാരെ വെട്ടിക്കുറക്കുന്ന നിലപാടിനെതിരെ പോസ്റ്റ്മാൻമാർ പ്രതിഷേധിക്കുന്നു
ആലുവ: പോസ്റ്റ്മാൻ തസ്തികകൾ വെട്ടിക്കുറച്ചതോടെ ആലുവ മേഖലയിൽ തപാൽ വിതരണം പ്രതിസന്ധിയിലായി. തപാൽ വകുപ്പിന്റെ ആലുവ വിതരണ കേന്ദ്രത്തിലാണ് (ഐ.ഡി.സി) മാനദണ്ഡങ്ങൾ പാലിക്കാതെ പോസ്റ്റ്മാൻമാരെ വെട്ടിക്കുറക്കുന്നത്. ആലുവ, തോട്ടക്കാട്ടുകര, ഉളിയന്നൂർ, തായിക്കാട്ടുകര, ദേശം, തോട്ടുമുഖം, സൗത്ത് വാഴക്കുളം, മാറമ്പിള്ളി, മുപ്പത്തടം യു.സി കോളജ് തുടങ്ങിയ പ്രദേശങ്ങളിലെ തപാൽ വിതരണമാണ് ഇതുമൂലം താളം തെറ്റുന്നത്. 2025 ജൂൺ 30 മുതലാണ് ഐ.ഡി.സി ആലുവയിൽ ആരംഭിക്കുന്നത്. ആരംഭത്തിൽ തന്നെ ആലുവ, തോട്ടുമുഖം , സൗത്ത് വാഴക്കുളം, മാറമ്പിള്ളി, തായിക്കാട്ടുകര പോസ്റ്റ് ഓഫിസുകൾ ആലുവ ഐ.ഡി.സിയിലേക്ക് മാറ്റിയിരുന്നു.
2026 ഫെബ്രുവരി മുതൽ മുപ്പത്തടം, യു.സി കോളജ്, തോട്ടക്കാട്ടുകര തുടങ്ങിയ സബ് പോസ്റ്റ് ഓഫിസുകളിലേയും അതിനു കീഴിലുള്ള ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളിലെയും വിതരണവും ആലുവ ഐ.ഡി.സിയിൽ നിന്നാണ് നടത്തുന്നത്. ഐ.ഡി.സിയിൽ ലയിപ്പിച്ച ഗ്രാമീണ മേഖലയിലെ സബ് പോസ്റ്റ് ഓഫിസുകളിലെയും ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളിലേയും പാർസലുകൾ വിതരണം ചെയ്യുന്നതിനായി മൂന്ന് പോസ്റ്റ്മാൻമാർ നിലവിൽ ഉണ്ടായിരുന്നു.
എന്നാൽ, നാല് മാസം മുമ്പ് പാഴ്സലുകൾ വിതരണം ചെയ്തിരുന്ന പോസ്റ്റ്മാൻമാരെ മറ്റിടങ്ങളിലേക്ക് നിയമിക്കുകയും പാഴ്സലുകളുടെ വിതരണം അതത് പോസ്റ്റുമാൻമാരെ തന്നെ ഏൽപ്പിക്കുകയും ചെയ്തു. ഇതോടെ രജിസ്റ്റർ, സ്പീഡ് പോസ്റ്റ്, മറ്റ് തപാൽ ഉരുപ്പടികളോടൊപ്പം വലിയ പാഴ്സലുകൾ അടക്കം വിതരണം ചെയ്യുന്ന നിലവിലെ പോസ്റ്റുമാൻമാർക്ക് ജോലി ഭാരം കൂടുതലായി. അതിനിടയിലാണ് രണ്ട് പോസ്റ്റുമാൻ തസ്തികൾ നിർത്തലാക്കാനുള്ള നീക്കം നടക്കുന്നത്.
നിലവിൽ അഞ്ച് പോസ്റ്റുമാൻ തസ്തികകൾ ആലുവ ഐ.ഡി.സിക്ക് കീഴിലും അഞ്ച് പോസ്റ്റുമാൻ തസ്തികകൾ ആലുവ സബ് ഡിവിഷൻ കീഴിലും നിർത്തലാക്കിയിരുന്നു. തപാൽ വകുപ്പിന്റെ ആലുവ വിതരണ കേന്ദ്രത്തിൽ (ഐ.ഡി.സി) മാനദണ്ഡങ്ങൾ പാലിക്കാതെ പോസ്റ്റ്മാൻമാരെ വെട്ടിക്കുറക്കുന്ന നിലപടിനെതിരെ പോസ്റ്റ്മാൻമാർ സംയുക്തമായി പണിമുടക്കി പ്രതിഷേധിച്ചു.
ആലുവ, തോട്ടക്കാട്ടുകര, ഉളിയന്നൂർ, തായിക്കാട്ടുകര, ദേശം, തോട്ടുമുഖം, സൗത്ത് വാഴക്കുളം, മാറമ്പിള്ളി, മുപ്പത്തടം യു.സി കോളജ് തുടങ്ങിയ ഇടങ്ങളിൽ കത്തുകൾ വിതരണം ചെയ്യുന്ന പോസ്റ്റുമാൻമാരാണ് ആലുവ ഐ.ഡി.സിക്ക് മുന്നിൽ സമരം ചെയ്തത്. രണ്ട് പ്രാവശ്യം ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകിയിട്ടും യാതൊരുവിധ ചർച്ചകൾക്കും തയ്യാറാകാത്ത ആലുവ ഡിവിഷൻ സീനിയർ സൂപ്രണ്ടിന്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സമരം.
ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ, നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് തുടങ്ങിയ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് തപാൽ വിതരണത്തിന് ഇറങ്ങാതെ സമരം നടത്തിയത്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നിവേദനം സൂപ്രണ്ടിന് കൊടുത്തിട്ടും ചർച്ചക്ക് തയ്യാറാകാതിരുന്ന സീനിയർ സൂപ്രണ്ട് പ്രതിഷേധ സമരം ആരംഭിച്ചപ്പോൾ ചർച്ചക്ക് വിളിച്ചു. എന്നാൽ, രണ്ട് പോസ്റ്റുമാൻ പോസ്റ്റ് പിൻവലിക്കുമെന്ന സമീപനം തന്നെ സ്വീകരിച്ചതോടെ ചർച്ച പരാജയപ്പെട്ടു. ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ സമരം തുടരുമെന്ന് ജീവനക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

