വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി അശ്ലീല പ്രചാരണം; യുവാവ് അറസ്റ്റിൽ
text_fieldsകാക്കനാട്: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടാക്കി യുവതിയുടെ പേരിൽ അശ്ലീല ചിത്രങ്ങളും കഥകളും പ്രചരിപ്പിച്ച സംഭവത്തിൽ ആലപ്പുഴ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പള്ളിപ്പാട് കൊപ്പരത്തു തെക്കേതിൽ വീട്ടിൽ ഉണ്ണികൃഷ്ണനാണ് (23) പിടിയിലായത്.
യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി അശ്ലീല കഥകളും മറ്റും പോസ്റ്റ് ചെയ്യുകയും അത് യുവതിയുടെ സഹോദരന്‍റെ വാട്ട്സ് ആപ് അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. നേരത്തേ, യുവതിക്ക് സുഹൃത്തിന്‍റെ ഫോട്ടോ ഉപയോഗിച്ചുണ്ടാക്കിയ വ്യാജ അക്കൗണ്ട് വഴിയും അശ്ലീല ചിത്രങ്ങളും ഫോട്ടോകളും അയച്ചിരുന്നു. ഇതുസംബന്ധിച്ച് ലഭിച്ച പരാതികളെ തുടർന്ന് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉണ്ണികൃഷ്ണനാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്.
സിറ്റി പൊലീസ് കമീഷണർ നാഗരാജുവിന്‍റെ നിർദേശപ്രകാരം തൃക്കാക്കര അസി. പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രഞ്ജിത് കെ. വിശ്വനാഥ്, സബ് ഇൻസ്പെക്ടർ ബേബി പൗലോസ്, ജോസഫ്, ദീപ, അരുൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

