സ്റ്റാൻഡിലെത്തിയ അഞ്ചുവയസ്സുകാരന് രക്ഷകരായി പൊലീസ്
text_fieldsമൂവാറ്റുപുഴ: വീട്ടിൽ നിന്നിറങ്ങി ബസ് സ്റ്റാൻഡിൽ എത്തിപ്പെട്ട് എങ്ങോട്ട് പോകണമെന്നറിയാതെ നിന്ന അഞ്ച് വയസ്സുകാരന് രക്ഷയായി പൊലീസ്. മൂവാറ്റുപുഴ സ്വദേശിയായ ബാലനാണ് വീട്ടിൽ നിന്ന് ഇറങ്ങി നടന്ന് ആശ്രമം ബസ് സ്റ്റാൻഡിൽ എത്തിയത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
ഒന്നാം ക്ലാസുകാരനായ കുട്ടിക്ക് വ്യാഴാഴ്ച്ച ക്ലാസ്സില്ലായിരുന്നു. സ്വകാര്യ ബസ് ഡ്രൈവറായ പിതാവും സ്വകാര്യ സ്ഥാപന ജീവനക്കാരിയായ മാതാവും രാവിലെ ജോലിക്കായി പോയി.
കുട്ടിയെ 11കാരനായ ജ്യേഷ്ഠനെ ഏൽപിച്ചാണ് ഇവർ പോയത്. ഇതിനു പിന്നാലെ കുട്ടിയെ തനിച്ചാക്കി ജ്യേഷ്ഠൻ അമ്മ വീട്ടിലേക്ക് പോയി. വീട്ടിൽ ഒറ്റക്കായ കുട്ടി പുറത്തിറങ്ങി നടന്ന് ബസ് സ്റ്റാൻഡിൽ എത്തുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിക്കൊപ്പം ആരെയും കാണാതെ വന്നതോടെ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ അടക്കമുള്ളവർ പൊലീസിൽ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്റ്റാൻഡിനു കുറച്ചുമാറിയുള്ള വീട്ടിലെ കുട്ടിയാണെന്ന് കണ്ടെത്തി. തുടർന്ന് മാതാപിതാക്കളെ വിളിച്ചു വരുത്തി ഒറ്റക്ക് പുറത്തിറങ്ങി നടക്കരുതെന്ന ഉപദേശത്തോടെ കുട്ടിയെ അവർക്കൊപ്പം വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

