മഴക്കാല മോഷണം; നിർദേശങ്ങളുമായി പൊലീസ്
text_fieldsമൂവാറ്റുപുഴ: മഴക്കാലം എത്തിയതോടെ മോഷണ സാധ്യതകൾ മുന്നിൽ കണ്ട് ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതൽ നിർദേശവുമായി മൂവാറ്റുപുഴ പൊലീസ്. വീടിന്റെ മുൻവശത്തെയും പിൻഭാഗത്തെയും വാതിലുകളുടെ എല്ലാ പൂട്ടുകളും ഭദ്രത ഉള്ളതാണെന്നും ഉറപ്പ് വരുത്തണമെന്ന് നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
വാതിലുകള്‍ക്ക് പിന്നില്‍ വിലങ്ങനെ ഇരുമ്പ് പട്ടകള് ഘടിപ്പിക്കുന്നത് സുരക്ഷ കൂട്ടാന്‍ ഉപകരിക്കുമെന്നും നിർദേശത്തിൽ വ്യക്തമാക്കി. ജനല്പാളികള് രാത്രി അടച്ചിടണം. അപരിചിതര്‍ കോളിങ് ബെല്ലടിച്ചാല്‍ വാതില്‍ തുറക്കാതെ ജനല്‍ വഴി സംസാരിക്കണം.
അപരിചിതരായ സന്ദര്‍ശകര്‍, പിരിവുകാര്, യാചകര്‍, വീട്ടില്‍ വരുന്ന കച്ചവടക്കാര്‍, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റ് വാഹനങ്ങളിലോ സംശയാസ്പദമായ രീതിയില്‍ സഞ്ചരിക്കുന്നവര്‍ തുടങ്ങിയവരെ ശ്രദ്ധിക്കണം. വീടിന് പുറത്തും പിന്നിലും അടുക്കള ഭാഗത്തും രാത്രി ലൈറ്റ് ഓഫാക്കരുത്.
കവർച്ചക്കാർക്ക് ഗുണമാകുന്ന രീതിയിൽ വീടിന് പുറത്ത് പാര, കുന്താലി, മഴു, ഗോവണി തുടങ്ങിയവ വെക്കരുത്. അസമയത്ത് വീടിനു പുറത്ത് ആളനക്കമോ മറ്റ് ശബ്ദമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെയോ അയല്‍ക്കാരെയോ റസിഡന്‍സ് ഭാരവാഹികളെയോ അറിയിക്കണം. 112ല്‍ വിളിച്ചാല്‍ പൊലീസ് സഹായം ലഭ്യമാകും. പവര്‍ ടോര്‍ച്ച്, സേര്‍ച്ച് ലൈറ്റുകള്‍ എന്നിവ കരുതണം.
വീട് പൂട്ടി പുറത്ത് പോകുന്നവര്‍ ഗേറ്റിന് വെളിയില്‍ പൂട്ടിട്ട് പൂട്ടുന്നതിനു പകരം ചങ്ങലയോ മറ്റോ ഉപയോഗിച്ച് ഗേറ്റിനകത്ത് പൂട്ട് വരത്തക്കവിധം ലോക്ക് ചെയ്യണം. വീട്ടില്‍ ആളില്ലാത്ത ദിവസങ്ങളില്‍ പത്രം ഇടരുതെന്ന് അറിയിക്കണം. വീടിന് മുന്നില്‍ ദിവസങ്ങളോളം എടുക്കാതെ കിടക്കുന്ന പത്രങ്ങളും മാഗസിനുകളും മോഷ്ടാക്കളുടെ ശ്രദ്ധ ക്ഷണിക്കാൻ ഇടയുണ്ട്.
പകലും രാത്രിയും തുടര്‍ച്ചയായി ലൈറ്റ് കത്തികിടക്കുന്നത് മോഷ്ടാക്കള്‍ക്ക് സൂചന നല്‍കും. അടുത്ത ബന്ധുക്കളെയോ വിശ്വാസമുള്ള അയല്‍ക്കാരെയോ റെസിഡന്‍സ് അംഗങ്ങളെയോ സന്ധ്യക്ക് ലൈറ്റ് ഇടാന്‍ ഏര്‍പ്പാട് ചെയ്യുക. സ്വര്‍ണാഭരണങ്ങള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ വീട്ടില്‍ സൂക്ഷിക്കരുത്. രാത്രി യാത്ര കഴിവതും ഒഴിവാക്കണം. നേരത്തെ വീട്ടിലെത്തണം.
കവര്‍ച്ച നടന്നാല്‍ ഉടന്‍ മറ്റുള്ളവരെ അറിയിക്കുകയും സംഘടിതമായി വാഹനത്തില്‍ ഒരേസമയം നാലുഭാഗവും അന്വേഷണം നടത്തുകയും വേണം. പൊലീസ് വരുന്നതിന് മുമ്പ് കവര്‍ച്ച നടന്ന മുറി, വാതില്‍, അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ എന്നിവയില്‍ തൊടരുത്. ഇത് തെളിവ് നഷ്ടപ്പെടാന്‍ കാരണമാവും. നിരീക്ഷണ കാമറ ഉള്ളവര്‍ രാത്രി റെക്കോഡ് മോഡില്‍ ഇടണമെന്നും കാമറ ഓഫ് അല്ലെന്ന് ഉറപ്പാക്കണമെന്നും പൊലീസ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

