പൊലീസ് ഇടപെട്ടു; വയോധികന് ചികിത്സ ലഭിച്ചു
text_fieldsരഞ്ജനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
കാക്കനാട്: കോവിഡ് ഭീതിയിൽ ചികിത്സ ലഭിക്കാതിരുന്ന വയോധികനെ തൃക്കാക്കര പൊലീസിെൻറ ഇടപെടലിൽ ആശുപത്രിയിലാക്കി. മാസങ്ങളോളം അവശത അനുഭവിച്ച കൊച്ചി സ്വദേശി രഞ്ജനാണ് സഹായവുമായി പൊലീസ് എത്തിയത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രഞ്ജൻ ഇപ്പോൾ ചികിത്സയിലാണ്.
കാക്കനാട് പാട്ടുപുര ജങ്ഷന് സമീപത്തുനിന്നാണ് അവശനിലയിൽ 62കാരനായ രഞ്ജനെ കണ്ടെത്തിയത്. അവിവാഹിതനായ ഇയാൾ സെക്യൂരിറ്റി ജോലി നോക്കിവരുന്നതിനിടെയാണ് മുറിവേറ്റത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് താൽക്കാലിക അഭയം നൽകുന്നതിനായി സാമൂഹികപ്രവർത്തകനായ തെരുവോരം മുരുകെൻറ വയോധികർക്കുള്ള 'തെരുവുവിളക്കി'ൽ എത്തിച്ചു.
ഇവിടെ കുളിപ്പിച്ച് വൃത്തിയാക്കിയപ്പോഴാണ് രഞ്ജെൻറ കാലിൽ മാസങ്ങൾ പഴക്കമുള്ള മുറിവ് കണ്ടെത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മുറിവേറ്റത്. പ്രമേഹ രോഗിയായ രഞ്ജൻ മുറിവുണങ്ങാതെ വന്നതോടെ വിവിധ ആശുപത്രികളെ മാറിമാറി സമീപിച്ചെങ്കിലും കോവിഡ് ഭീതിയിൽ പ്രവേശനം നിരസിക്കുകയായിരുന്നു.
പൊലീസ് ഇടപെട്ടതുകൊണ്ട് മാത്രമാണ് തനിക്ക് സഹായം ലഭിച്ചതെന്ന് രഞ്ജൻ പറഞ്ഞു.

