ഡയാലിസിസിന് പോയ വൃക്കരോഗിയെ പൊലീസ് തടഞ്ഞതായി പരാതി
text_fieldsമട്ടാഞ്ചേരി: ഡയാലിസിസ് ചെയ്യാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയ വൃക്കരോഗിെയ പൊലീസ് തടഞ്ഞതായി പരാതി. മട്ടാഞ്ചേരിയിൽനിന്ന് എറണാകുളത്തേക്ക് പോകാനുള്ള പോയൻറ് ചുള്ളിക്കൽ അബാദ് ഹോട്ടലിന് സമീപമാണുള്ളത്. ഇവിടെ ഡ്യൂട്ടിക്ക് നിന്ന പൊലീസുകാരാണ് ഡയാലിസിസിന് സഹോദര പുത്രെൻറ വാഹനത്തിൽ പോകുകയായിരുന്ന ഫസലുദ്ദീനോട് പരാക്രമം കാണിച്ചതെന്നാണ് പരാതി.
ഡയാലിസിസ് തീയതി ശനിയാഴ്ചയായിരുന്നു. എന്നാൽ, ശനിയാഴ്ച സ്വാതന്ത്ര്യ ദിന അവധിയായതിനാൽ ഞായറാഴ്ചത്തേക്ക് ഡയാലിസിസ് അനുവദിക്കുകയായിരുന്നു. ഇതിന് പോകുമ്പോഴായിരുന്നു സംഭവം. ഇരുചക്രവാഹനത്തിെൻറ പിറകിലിരുന്ന ഫസലുദ്ദീനെ പൊലീസ് വലിച്ചിറക്കിയപ്പോൾ താഴെ വീണു. സഹോദര പുത്രൻ ഡയാലിസിസ് സംബന്ധിച്ച രേഖകൾ കാണിച്ചെങ്കിലും പൊലീസുകാരൻ പോകാൻ അനുവദിച്ചില്ല.
പിന്നീട് വനിത സിവിൽ പൊലീസ് ഓഫിസർ പറഞ്ഞതിനെത്തുടർന്നാണ് ഇവരെ പോകാൻ അനുവദിച്ചത്. സംഭവത്തെ തുടർന്ന് രക്തസമ്മർദം കൂടിയതിനാൽ ഫസലുദ്ദീൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കെ.ജെ. മാക്സി എം.എൽ.എ അടക്കമുള്ളവർക്ക് പരാതി നൽകിയതായി സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായ സഹോദരൻ വി.വൈ. നാസർ പറഞ്ഞു.