ചെമ്മീൻ കെട്ടിൽ വിഷം കലർത്തി
text_fieldsവരാപ്പുഴ പൊക്കാളി പാടശേഖരത്തിലെ ചെമ്മീൻ കെട്ടിൽ നടന്ന മത്സ്യക്കുരുതി
വരാപ്പുഴ: ദേവസ്വംപാടം മേഖലയിലെ പൊക്കാളി പാടശേഖരത്തിലെ ചെമ്മീൻകെട്ടിൽ ഉടമകളുടെ നേതൃത്വത്തിൽ മത്സ്യക്കുരുതി നടത്തിയതായി പരാതി. 50 ഏക്കറോളം വരുന്ന കട്ടത്തടം കെട്ടിലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
ഈ മാസം 15നു കെട്ടിെൻറ കാലാവധി അവസാനിക്കാനിരിക്കെയാണ് സംഭവം. നവംബർ 15 മുതൽ ഏപ്രിൽ 15വരെയാണ് മത്സ്യകെട്ടുകളുടെ കാലാവധി. ഇതിനുശേഷം കെട്ടിൽ അവശേഷിക്കുന്ന മത്സ്യങ്ങൾ നാട്ടുകാർക്കും ഉൾനാടൻ, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും യഥേഷ്ടം പിടിച്ചെടുക്കാമെന്നതാണ് പരമ്പരാഗത രീതി.
കെട്ടിെൻറ കാലാവധി അവസാനിക്കുന്നതിനാൽ മുഴുവൻ മത്സ്യങ്ങളും ചെമ്മീനുകളും പിടിച്ചെടുക്കുന്നതിനു വേണ്ടിയാണ് കെട്ടിൽ വിഷം കലർത്തി നശിപ്പിച്ചു കളഞ്ഞതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു.
മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു)പ്രവർത്തകർ ഫിഷറീസ് വകുപ്പിലും വരാപ്പുഴ പൊലീസിലും പരാതി നൽകി. വരാപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.