മത്സ്യബന്ധന മേഖലയിൽ പ്ലാൻ വിഹിതം അഞ്ച് ശതമാനമായി ഉയർത്തും: മന്ത്രി അബ്ദുൽ ഗഫൂർ
text_fieldsമത്സ്യ വിപണന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി നിർവഹിക്കുന്നു
വൈപ്പിൻ: മത്സ്യബന്ധന മേഖലയ്ക്കും തീരദേശ വികസനത്തിനും പ്രത്യേക പരിഗണന നൽകിയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി അബ്ദുൽ ഗഫൂർ. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതികളുടെ പ്രവർത്തനോദ്ഘാടനം, കടലാമ സംരക്ഷണത്തിനുള്ള ‘ടെഡ്’ ഉപകരണങ്ങൾ, മത്സ്യ വിപണന കിയോസ്കുകൾ എന്നിവയുടെ വിതരണം, മത്സ്യഫെഡ് ‘മികവ് 2026’ വിദ്യാഭ്യാസ അവാർഡ് ദാനം എന്നിവ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യബന്ധന മേഖലയുടെ പ്ലാൻ വിഹിതം നിലവിലെ 1.76 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി ഉയർത്തുകയാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യം. ഇതിനായി ‘ബ്ലൂ എക്കോണമി’ ഉൾപ്പെടെ വൻകിട പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ താൽപര്യങ്ങൾ പൂർണമായി സംരക്ഷിച്ച് മാത്രമേ എല്ലാ പദ്ധതികളും നടപ്പാക്കൂവെന്നും പദ്ധതികളുടെ പ്രധാന ഗുണഭോക്താക്കൾ അവർ തന്നെയായിരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
കടലാമ സംരക്ഷണത്തിനുള്ള ടെഡ് വിതരണവും മത്സ്യവിപണന കിയോസ്കുകളുടെ താക്കോൽ ദാനവും മത്സ്യ വിപണന വാഹനത്തിന്റെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. 2025-26 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 40 വിദ്യാർത്ഥികൾക്ക് 5,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ‘മികവ് 2026’ വിദ്യാഭ്യാസ അവാർഡുകൾ മന്ത്രി വിതരണം ചെയ്തു.
ടോണി ചമ്മണി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, എം.ഡി അജിത് കോളശ്ശേരി, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോഷി, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി. ക്ലീറ്റസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

