വാഹനം വാടകക്കെടുത്ത് മറിച്ചുവിൽപന; ഒരാൾ പിടിയിൽ
text_fieldsപിറവം: വാഹനം വാടകക്കെടുത്ത് മറിച്ചുവിൽക്കുന്നയാൾ പിടിയിൽ. വാടകയെക്കടുത്ത വാഹനങ്ങൾ തമിഴ്നാട്ടിലെ കമ്പം, തേനി, ഗൂഡല്ലൂർ എന്നിവിടങ്ങളിൽ എത്തിച്ച് വ്യാജ ആർ.സി ബുക്ക് നിർമിച്ച് മറിച്ചുവിൽക്കുകയാണ് ചെയ്യുന്നത്. കേരളത്തിൽനിന്ന് നൂറോളം വണ്ടികൾ ഇങ്ങനെ തട്ടിപ്പിനിരയായി കൈമാറ്റം നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ അറിവ് ലഭിച്ചു. ഓട്ടോ ഡ്രൈവറായ പിറവം കല്ലുമാരി ഊരോത്ത് ഡിഞ്ചു മോഹനനാണ് പിടിയിലായത്. പിറവം സ്വദേശിയുടെ പരാതിയെ തുടർന്ന് സി.ഐ സാംസണിെൻറ നിർദേശപ്രകാരം ഉദ്യോഗസ്ഥർമാരായ കെ. അനിൽ, രാജേഷ് തങ്കപ്പൻ, ടി.ബി. വിനയൻ എന്നിവർ ചേർന്ന് ഗൂഡല്ലൂരിൽ ചെന്ന് സാഹസികമായി വണ്ടി കൈയോടെ പിടിച്ചെടുക്കുകയായിരുന്നു. പിറവം ചക്കാലയ്ക്കൽ ജോസ് സി. ജോസിെൻറ കാറാണ് തിരിച്ചുപിടിച്ചത്. കാറിൽ ജി.പി.എസ് ഘടിപ്പിച്ചിരുന്നതിനാൽ ലെക്കേഷൻ കണ്ടെത്താൻ സഹായകമായി. അവിടെ ചെന്നപ്പോഴാണ് തട്ടിപ്പിെൻറ ചുരുളഴിയുന്നത്.
പിറവത്തുനിന്ന് 15ഓളം വണ്ടികൾ ഇത്തരത്തിൽ കടത്തിയിട്ടുണ്ട്. കേരളത്തിലുടനീളം കോവിഡ് ഘട്ടത്തിൽ വാഹന തട്ടിപ്പുമായി വൻ ലോബികളാണ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്. വാഹന ഉടമകൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. മറ്റുപരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരും.