ബസുകളിൽ പോക്കറ്റടി; നാലംഗസംഘം പിടിയിൽ
text_fieldsമുരുകൻ, സത്യശീലൻപിള്ള, സുജി,റെജി ജോർജ്
കാഞ്ഞിരപ്പള്ളി: ബസുകളിൽ പോക്കറ്റടി നടത്തുന്ന നാലംഗസംഘത്തെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന സ്വദേശി മുരുകൻ (51), കൊട്ടാരക്കര സ്വദേശി സത്യശീലൻ പിള്ള (59), കോട്ടയം പെരുമ്പായിക്കാട് പറയരത്തുവീട്ടിൽ സുജി (55), എറണാകുളം ചേരാനല്ലൂർ സ്വദേശി റെജി ജോർജ് (51) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.ഇവർ തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഇടക്കുന്നം സ്വദേശിയുടെ മൊബൈൽ ഫോണും എ.ടി.എം കാർഡും മോഷ്ടിക്കുകയായിരുന്നു.
സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുക്കുകയും അന്വേഷണസംഘം നടത്തിയ പരിശോധനയിൽ സമീപപ്രദേശങ്ങളിൽനിന്ന് ഇവരെ പിടികൂടുകയുമായിരുന്നു. സംഘം ചേർന്ന് ബസുകളിൽ കയറി അനാവശ്യതിരക്ക് സൃഷ്ടിച്ച് മോഷണം നടത്തുകയാണ് ഇവരുടെ രീതി.
സത്യശീലൻ പിള്ളക്ക് പെരിനാട്, ആറ്റിങ്ങൽ, പാലാ സ്റ്റേഷനുകളിൽ മോഷണക്കേസുകളും സുജിക്ക് ഗാന്ധിനഗർ, എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷനിലും റെജി ജോർജിന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിലും മോഷണക്കേസുകൾ നിലവിലുണ്ട്. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ നിർമൽ ബോസ്, എസ്.ഐമാരായ ബേബി ജോൺ, ഗോപകുമാർ, എ.എസ്.ഐ ബേബിച്ചൻ, സി.പി.ഒമാരായ വിമൽ, പ്രദീപ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.

