പേട്ട ജങ്ഷന് പുതിയ രൂപം വരും
text_fieldsപേട്ട ജങ്ഷന്റെ വികസനവുമായി ബന്ധപ്പെട്ട് ഉമ തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ
ചേർന്ന അടിയന്തര യോഗം
തൃപ്പൂണിത്തുറ: പേട്ട ജങ്ഷന്റെ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഉമ തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.
കലൂരിലെ അപകടത്തെ തുടർന്ന് വിശ്രമിക്കുന്ന എം.എൽ.എയുടെ പാലാരിവട്ടത്തെ വീട്ടിലാണ് യോഗം ചേർന്നത്. പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, കൊച്ചി മെട്രോ, ബി.എസ്.എൻ.എൽ, എൻ.എച്ച്. എ.ഐ തുടങ്ങിയ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
ജങ്ഷൻ നവീകരണത്തിനായി ആദ്യം നിർബന്ധമായും പുനഃസ്ഥാപിക്കേണ്ട വിവിധ യൂട്ടിലിറ്റികളെക്കുറിച്ച് യോഗത്തിൽ ചർച്ച നടത്തി. കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈനുകൾ, വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ, ബി.എസ്.എൻ.എല്ലിന്റെ ടെലിഫോൺ കേബിളുകൾ എന്നിവ മാറ്റിയതിന് ശേഷമേ പ്രധാന നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയൂ. അതുമായി ബന്ധപ്പെട്ട ആവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു.
മെട്രോ നിർമാണം കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പേട്ട ജങ്ഷനിലെ അടിസ്ഥാന സൗകര്യങ്ങൾ അർഹിക്കുന്ന വിധത്തിൽ വികസിക്കാത്തത് എം.എൽ.എയുടെ ശ്രദ്ധയിൽപ്പെട്ടതോടെ, ജനങ്ങളുടെ ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അടിയന്തര ഇടപെടലുകൾ ആരംഭിക്കുകയായിരുന്നു.
നവീകരണ പദ്ധതിയുടെ ഭാഗമായി 25 മീറ്റർ വ്യാസമുള്ള റൗണ്ട്എബൌട്ട്, 14.5 മീറ്റർ വീതിയുള്ള റോഡ്, ഫുട്പാത്ത് ഡ്രെയിനേജ് എന്നിവ ഉൾപ്പെടുത്തിയാണ് വികസനം നടപ്പാക്കുന്നത്. പേട്ട ജങ്ഷന്റെ നവീകരണം വേഗത്തിലാക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സഹകരണം നിർണായകമാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

