എക്കൽ നിറഞ്ഞ് പെരുമ്പടപ്പ് കായൽ; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ
text_fieldsഎക്കൽ നിറഞ്ഞ പെരുമ്പടപ്പ് കായൽ
പള്ളുരുത്തി: പെരുമ്പടപ്പ് കായലിൽ എക്കൽ നിറഞ്ഞതോടെ മത്സ്യ ബന്ധനത്തിന് കഴിയാതെ തൊഴിലാളികൾ ദുരിതത്തിൽ. കായലിന്റെ നല്ലൊരു ഭാഗം എക്കൽ നിറഞ്ഞിരിക്കയാണ്. നിരവധി ചീനവലകൾ കായലിലുണ്ട്. എന്നാൽ, എക്കൽ മൂലം വല കായലിലേക്ക് പൂർണമായും താഴ്ത്താൻ കഴിയുന്നില്ല. വേലിയേറ്റ സമയത്ത് മാത്രം വളരെ കുറഞ്ഞ സമയത്ത് ചീനവല പ്രവർത്തിപ്പിക്കുകയാണ് നിലവിൽ തൊഴിലാളികൾ ചെയ്യുന്നത്.
ഊന്നി വലക്കാരും ബുദ്ധിമുട്ടിലാണ്. ചെറുവള്ളങ്ങളിൽ മീൻ പിടിക്കുന്നവർക്ക് എക്കൽ മൂലം വള്ളം തുഴഞ്ഞു നീങ്ങുവാൻ കഴിയുന്നില്ല. ഇവരും വേലിയേറ്റ സമയമാണ് നിലവിൽ ആശ്രയിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് കായലിൽ അക്വാഫാം സൗകര്യം കൂടി ഒരുക്കിയതോടെ പെരുമ്പടപ്പ് കായലിന്റെ സിംഹഭാഗവും ഇല്ലാതായിരിക്കുകയാണ്. അതിനു പുറമെയാണ് എക്കൽ കൂടി നിറഞ്ഞിരിക്കുന്നത്.
കായലിലെ എക്കൽ നീക്കാൻ നിരവധി പദ്ധതികളും പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാക്കുന്നില്ലെന്ന് മാത്രം. കായലിൽ എക്കൽ നിറഞ്ഞതിനാൽ ശക്തമായ വേലിയേറ്റം ഉണ്ടാകുമ്പോൾ കായൽ നിറഞ്ഞ് വെള്ളം കരയിലേക്ക് കയറുന്നതിനാൽ തീരത്തെ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യവുമുണ്ട്. ഉപ്പുവെള്ളം കയറുന്നതിനാൽ തീരത്തെ വീട്ടുമുറ്റങ്ങളിലെ സസ്യങ്ങൾ കരിഞ്ഞ് ഉണങ്ങുകയാണ്. വീടുകളുടെ ജീർണതക്കും ഉപ്പുവെള്ളം കാരണമാകുന്നുണ്ട്. അടിയന്തരമായി കായലിൽ നിന്ന് എക്കൽ നീക്ക് ചെയ്യാൻ നടപടി ഉണ്ടാകണമെന്നാണ് തീരവാസികളും മത്സ്യതൊഴിലാളികളും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

