നടപ്പാത കൈയേറി ഇരുചക്രവാഹനങ്ങള്‍
text_fieldsഗേള്‍സ് സ്കൂളിന് മുന്നിലെ നടപ്പാതയുടെ കവാടങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍
പാര്‍ക്ക് ചെയ്തിരിക്കുന്നു
പെരുമ്പാവൂര്‍: നടപ്പാതയില്‍ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കാൽനടക്കാരെ വലക്കുന്നു. നഗരത്തിലെ ഗേള്‍സ് സ്കൂളിന് മുന്നിലുള്ള വഴിയുടെ കവാടങ്ങളിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതുമൂലം ആളുകള്‍ക്ക് നടക്കാനാകാത്ത സ്ഥിതിയാണ്.
രാവിലെ മുതല്‍ വൈകീട്ട് വരെ ചില വാഹനങ്ങള്‍ സ്ഥിരമായി ഇവിടെ വെക്കുന്നുണ്ട്. പ്രധാന റോഡിലെ തിരക്കില്‍നിന്ന് മാറിനടക്കാനുള്ള സൗകര്യത്തിനാണ് ഈ ഭാഗത്ത് ഫുട്പാത്ത് നിര്‍മിച്ചത്. വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷിതമായി നടക്കാന്‍ ഗ്രില്‍ സ്ഥാപിച്ചിട്ടുണ്ട്. സ്കൂള്‍ മതിലിനും കമ്പികള്‍ സ്ഥാപിച്ചിരിക്കുന്നതിനും ഇടയിലും റോഡിലുമാണ് ഇരുചക്രവാഹനങ്ങള്‍ വെക്കുന്നത്.
തിരക്കുള്ള എം.എ റോഡിലാണ് ഫുട്പാത്ത്. ഇതിനു സമീപത്താണ് യാത്രിനിവാസ്. പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍നിന്ന് വരുന്ന ബസുകളും ആലുവ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും സദാസമയവും യാത്രിനിവാസിന് മുന്നില്‍ എത്തുന്നതുകൊണ്ട് അപകടസാധ്യത മുന്നില്‍കണ്ടാണ് നഗരസഭ സുരക്ഷിതമായ ഫുട്പാത്ത് ഒരുക്കിയത്. എന്നാല്‍, ഇവിടെ ചെറുവാഹനങ്ങളുടെ പാര്‍ക്കിങ് സ്ഥലമായി മാറി.

