മൂത്തകുന്നം മുതൽ വഴിക്കുളങ്ങര വരെയുള്ള റോഡ്; പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണം -വി.ഡി. സതീശൻ
text_fieldsപറവൂർ: മൂത്തകുന്നം മുതൽ വരാപ്പുഴ വരെയുള്ള ഭാഗത്ത് പുതിയതായി നിർമിക്കുന്ന ദേശീയ പാത 66 മായി ബന്ധമില്ലാതെ കിടക്കുന്ന മൂത്തകുന്നം മുതൽ വഴിക്കുളങ്ങര വരെയുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഏറ്റെടുത്ത് നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രിക്ക് കത്ത് നൽകിയതായി പ്രതിപക്ഷ നേതാവ് അറിയിച്ചു.
ദേശീയ പാത നിർമാണം കഴിഞ്ഞു മാത്രമേ നിലവിലുള്ള നാഷനൽ ഹൈവേ 66 സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറുകയുള്ളു. അതുവരെ അതിന്റെ അറ്റകുറ്റപണികൾ നടത്തി സഞ്ചാരയോഗ്യമാക്കേണ്ട ഉത്തരവാദിത്തം നാഷനൽ ഹൈവേ അതോറിറ്റിക്ക് മാത്രമാണ്. ഇതിനുള്ള വ്യക്തമായ എഗ്രിമെന്റ് നാഷനൽ ഹൈവേ അതോറിറ്റിയും ഓറിയന്റൽ കമ്പനിയുമായി െവച്ചിട്ടുണ്ടെങ്കിലും അതോറിറ്റിയോ കരാറുകാരായ ഓറിയൻറൽ കമ്പനിയോ യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുകയും ഈ ഭാഗത്ത് നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന പൊതുമരാമത്ത് അടിയന്തരമായി ഈ ഭാഗം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

