പെരുമ്പാവൂര്‍: നഗരസഭ പരിധിയിലെ കടുവാള്‍ ഓള്‍ഡ് വല്ലം റോഡില്‍ റവന്യൂ പുറമ്പോക്ക് ൈകയേറി സ്വകാര്യ വ്യക്തി കെട്ടിടം നിര്‍മിക്കുന്നു. എം.സി റോഡില്‍നിന്ന് 50 മീറ്റര്‍ മാത്രം ദൂരത്തില്‍ കോടികൾ വിലമതിക്കുന്ന ഭൂമിയാണ് റവന്യൂ അധികാരികളുടെ ഒത്താശയോടെ ചുറ്റുപുറം കെട്ടി കൈയേറിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് നിര്‍മാണാനുമതിക്കായി സമര്‍പ്പിച്ച പ്ലാനിലും താലൂക്ക്, വില്ലേജ് രേഖകളിലും അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് അനുമതി നിഷേധിച്ച സ്ഥലത്താണ് നിര്‍മാണം. സ്ഥലത്തോട് ചേര്‍ന്ന് 36 സെൻറ് റവന്യൂ പുറമ്പോക്ക് ഭൂമിയുള്ളതായി വില്ലേജ്, താലൂക്ക് രേഖകളില്‍ വ്യക്തമാണ്. പുറമ്പോക്ക് അടയാളപ്പെടുത്തിയ സ്കെച്ച് നല്കിയാല് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാമെന്ന് അന്നത്തെ ഭരണസമിതിയും വാര്‍ഡ് കൗണ്‍സിലറും സ്ഥലം ഉടമയെ അറിയിക്കുകയായിരുന്നു. എന്നാല്‍, ഉടമ ഇതിന് തയാറായില്ല.
ഭരണം മാറിയതോടെ വ്യാജരേഖയുണ്ടാക്കി ഉദ്യോഗസ്ഥതലത്തില്‍ സ്വാധീനം ചെലുത്തി അനുമതി നേടിയെന്നാണ് ആക്ഷേപം. മാത്രമല്ല ഏതാണ്ട് 12 അടി താഴ്ചയുണ്ടായിരുന്ന ഭൂമിയില്‍നിന്ന് ഒന്നര മീറ്റര്‍ ആഴത്തില്‍ മണ്ണ് നീക്കം ചെയ്യാന്‍ നഗരസഭ കൊടുത്ത അനുമതിയുടെ മറവില്‍ ലോഡ് കണക്കിന് മണ്ണാണ് കടത്തിയത്. ഭൂമിയോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്തിെൻറ ഉടമ കൊടുത്ത പരാതിയില്‍ നഗരസഭ നല്കിയ ഉത്തരവ് പിന്‍വലിക്കുകയും കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് സ്റ്റേ ചെയ്യുകയും ചെയ്തു. ഇതോടെ കൈയേറ്റക്കാരന് കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചു. എന്നാല്‍, റവന്യൂ രേഖകള്‍ പരിശോധിച്ചാണ് നിര്‍മാണാനുമതി നല്‍കിയതെന്നാണ് നഗരസഭ ഉദ്യോഗസ്ഥരുടെ വാദം.