പാലക്കാട്ടുതാഴം പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നിട്ട് മാസങ്ങളാകുന്നു
text_fieldsഇടിഞ്ഞുകിടക്കുന്ന പാലക്കാട്ടുതാഴം പാലത്തിന്റെ അപ്രോച്ച് റോഡ്
പെരുമ്പാവൂര്‍: പ്രധാന പാതയായ എ.എം റോഡിലെ പാലക്കാട്ടുതാഴം പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നിട്ട് നന്നാക്കാത്തത് അധികാരികളുടെ അനാസ്ഥയാണെന്ന് ആക്ഷേപമുയരുന്നു. ഒക്ടോബര്‍ അവസാന വാരത്തിലാണ് റോഡിന്റെ ഒരു വശം ഇടിഞ്ഞ് വീണത്. അപകട സാധ്യത മുന്നില്‍ കണ്ട് ഇതുവഴിയുളള ഗതാഗതം നിര്‍ത്തലാക്കിയിട്ട് രണ്ട് മാസം പിന്നിട്ടു. പുതിയ പാലത്തിന്റെ ഒരു വശത്തുകൂടിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്നത്.
യുദ്ധകാലാടിസ്ഥാനത്തില്‍ ജോലികള്‍ തീര്‍ക്കുമെന്ന് പൊതുമരാമത്ത് വിഭാഗം അധികൃതരും ജനപ്രതിനിധികളും അവകാശപ്പെട്ടതല്ലാതെ നടപ്പാക്കിയില്ലെന്നാണ് ആക്ഷേപം. ഏകദേശം 15 മീറ്ററോളം നീളത്തില്‍ മാത്രമാണ് റോഡ് ഇടിഞ്ഞത്. വളരെ വേഗത്തില്‍ ചെയ്ത് തീര്‍ക്കേണ്ടതായ ജോലിയാണ് മാസങ്ങളോളം വൈകിപ്പിക്കുന്നത്. എം.എല്‍.എ ഉള്‍പ്പടെയുളള ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഉദാസീനത കാണിക്കുന്നതാണ് ഉദ്യോഗസ്ഥ അനാസ്ഥക്ക് കാരണമായതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
പരിസരത്ത് മെറ്റല്‍ ഉള്‍പ്പടെയുളള സാധനങ്ങള്‍ ഇറക്കിയതല്ലാതെ പണികള്‍ ആരംഭിക്കാനുള്ള ഒരു നടപടിയുമുണ്ടായിട്ടില്ല. ആലുവ-മൂന്നാര്‍ റോഡിന്റെ പ്രധാന ഭാഗമാണ് പാലക്കാട്ടുതാഴം പാലം. ഇവിടത്തെ തടസം നഗരത്തിലും സമീപ പ്രദേശങ്ങളിലും ബാധിക്കുകയാണ്. പുലര്‍ച്ചെ മുതല്‍ റോഡില്‍ ഗതാഗതകുരുക്ക് രൂക്ഷമാണ്. ബൈപ്പാസും ഇടറോഡുകളുമില്ലാത്തതിനാല്‍ പൊതുവെ തിരക്കുള്ള ടൗണില്‍ ഇപ്പോള്‍ കുരുക്ക് വർധിച്ചു. കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ബസുകളും ആംബുലന്‍സുകളും കുരുക്കില്‍പ്പെടുന്നത് പ്രതിസന്ധിയാണ്.
നഗരത്തിലെ ആശുപത്രികളില്‍ നിന്ന് രോഗികളുമായി ആലുവ എറണാകുളം ഭാഗത്തേക്ക് പോകുന്ന ആംബുലന്‍സുകള്‍ മില്ലുപടിയിലും പാലക്കാട്ടുതാഴത്തും തിരക്കില്‍പ്പെടുന്നത് പതിവാണ്. തിരക്ക് ഇവിടത്തെ വ്യാപാര മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറുന്നു. എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ അധികാരികള്‍ ഇടപെടണമെന്ന് വ്യാപാരികളും വാഹന ഉടമകളും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

