അറ്റകുറ്റപ്പണിയെച്ചൊല്ലി തർക്കം റോഡ് നന്നാക്കുന്നില്ല
text_fieldsതകര്‍ന്നുകിടക്കുന്ന പെരുമ്പാവൂർ കോര്‍ട്ട് റോഡ്
പെരുമ്പാവൂര്‍: തകര്‍ന്നുകിടക്കുന്ന കോര്‍ട്ട് റോഡ് നന്നാക്കാത്തതിനു കാരണം അധികാരികളുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമെന്ന് ആക്ഷേപമുയരുന്നു. പൈപ്പിടുന്നതിന് കുഴിയെടുത്തഭാഗം കുണ്ടുംകുഴികളുമായിട്ട് ഒരുവര്‍ഷത്തോളമായി. അറ്റകുറ്റപ്പണി ആര് നടത്തുമെന്ന തര്‍ക്കത്തിലാണ് റോഡ് വിഭാഗവും ജലഅതോറിറ്റിയും. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം നോക്കിയിരിക്കുന്നതല്ലാതെ ഇടപെടാന്‍ ജനപ്രതിനികള്‍ തയാറാകാത്തത് പിടിപ്പുകേടാണെന്ന ആക്ഷേപം വ്യാപകമാണ്.
ജലവിഭവ മന്ത്രാലയത്തിനു കീഴിലെ ജല്‍ജീവന്‍, അമൃത് പദ്ധതികളിലൂടെ കാലപ്പഴക്കംചെന്ന പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് റോഡിന്റെ ഒരുവശം പൊളിച്ചത് വാട്ടര്‍ അതോറിറ്റിയാണ്. ‘പൊളിച്ചത് നിങ്ങളാണെങ്കില്‍ നന്നാക്കിക്കോളു’ എന്ന നിലപാടിലാണ് പൊതുമരാമത്ത് വിഭാഗം.
‘തങ്ങള്‍ക്ക് റോഡ് നന്നാക്കുന്ന ജോലിയല്ല’ എന്ന സമീപനത്തിലാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍. വാട്ടര്‍ അതോറിറ്റി റോഡ് അറ്റകുറ്റപ്പണിക്ക് തുക നല്‍കിയത് പൊതുമരാമത്ത് വിഭാഗം തിരിച്ചുകൊടുത്തു. ഇവര്‍ തമ്മിലുള്ള ശീതസമരം തുടരുന്നത് പ്രതിസന്ധിയാണ്.
മഴക്കാലത്ത് റോഡില്‍ വെളളക്കെട്ടും ചളിയുമായി യാത്ര ദുരിതമായിരുന്നു. മഴമാറിയപ്പോള്‍ കാന മൂടി. റോഡിന്റെ മധ്യഭാഗം ടാര്‍ ചെയ്തു. എന്നാല്‍, വശങ്ങള് ഇപ്പോഴും പഴയപടിയിലാണ്. മധ്യഭാഗത്ത് മൂന്നുമാസം മുമ്പ് ചെയ്ത ടാര്‍ ഇളകി രൂപപ്പെട്ട കുഴികള്‍ അപകടഭീഷണിയാണ്. 100 ദിവസം പോലും തികയുംമുമ്പ് ടാര്‍ ഇളകിയത് പോലും ചോദ്യംചെയ്യാനോ അന്വേഷിക്കാനോ ആരുമില്ല.
കോര്‍ട്ട് റോഡ് പ്രധാന വണ്‍വേ
ടൗണിലെ പ്രധാന വണ്‍വേയാണ് കോര്‍ട്ട് റോഡ്. കാലടി, അങ്കമാലി, കോതമംഗലം ഭാഗങ്ങളിലേക്കുള്ള ബസുകള്‍ ഉള്‍പ്പടെ പോകുന്ന റോഡാണിത്. കോടതി, ജലഅതോറിറ്റി കാര്യാലയം, വില്ലേജ് ഓഫിസ്, നഗരസഭ കാര്യാലയം എന്നിവയുടെ മുന്നിലാണ് റോഡ്. ഇടതടവില്ലാതെ പകലും രാത്രിയിലും നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന, രണ്ടുനിരയായി വാഹനങ്ങള്‍ പോകാന്‍ വീതിയുളള റോഡിലൂടെ ഇപ്പോള്‍ ഒരുവരിപോലും സുഗമമായി പോകാനാകാത്ത സ്ഥിതിയാണ്.
ഫാസ് ഓഡിറ്റോറിയത്തിന് മുന്നിലെ ഗര്‍ത്തത്തിലേക്ക് ഇരുചക്രവാഹനങ്ങള്‍ വീണ് അപകടമുണ്ടാകുന്നുണ്ട്. ഇവിടെ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക് എ.എം റോഡിലേക്കും എം.സി റോഡിലേക്കും ബാധിക്കുന്നു. എം.എല്‍.എയും നഗരസഭ അധികാരികളും അടിയന്തരമായി ഇടപെട്ട് റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും വാഹന ഉടമകളും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

