ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനി വളപ്പിലെ മണ്ണും മരങ്ങളും കടത്തുന്നതായി പരാതി
text_fieldsട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനി വളപ്പില്‍ നില്ക്കുന്ന തേക്ക് മരങ്ങള്‍
പെരുമ്പാവൂര്‍: ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനി വളപ്പിലെ കോടികള്‍ വിലമതിക്കുന്ന തേക്ക് ഉള്‍പ്പടെ മരങ്ങളും മണ്ണും സംരക്ഷിക്കണമെന്ന ആവശ്യമുയരുന്നു. കോമ്പൗണ്ടിന്റെ തെക്കുഭാഗത്ത് 32 ഏക്കറോളം ഭൂമി കര്‍ണാടക ആസ്ഥാനമായ കമ്പനിക്ക് സര്‍ക്കാര്‍ വിട്ടുകൊടുത്തതിന് പുറമെ പകുതിയിലേറെ ഭാഗം കാടുകയറി. ഇവിടെ വിലപിടിപ്പുള്ള മരങ്ങള്‍ നിരവധിയുണ്ട്. സ്ഥലം നിരപ്പാക്കുന്നതിന്റെ പേരില്‍ പാഴ്മരങ്ങള്‍ വെട്ടിമാറ്റലും മണ്ണ് നീക്കുന്നതും നടക്കുകയാണ്. വളപ്പിൽ നിരവധി തേക്ക് മരങ്ങള്‍ ഉണങ്ങി നിലംപൊത്തി കിടക്കുന്നുണ്ട്. ഇവയെല്ലാം രാത്രിയുടെ മറവില്‍ കടത്തികൊണ്ടു പോകുകയാണെന്നാണ് ആക്ഷേപം.
ഇവിടെ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായ മരങ്ങള്‍ മാത്രം വെട്ടിമാറ്റാന്‍ അനുമതിയുള്ളതിന്റെ മറവില്‍ ഉണങ്ങിയ വന്‍ തേക്കുമരങ്ങളും മണ്ണും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കടത്തികൊണ്ടുപോകുന്നതില്‍ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കമ്പനിയിലെ ഇരുമ്പ് ഉള്‍പ്പടെയുള്ളവയും കെട്ടിട അവശിഷ്ടങ്ങളും മാറ്റാനുള്ള അവകാശം വസ്തുവകകള്‍ ലേലം ചെയ്യുന്നവര്‍ക്കുണ്ട്. എന്നാല്‍, വൃക്ഷങ്ങള്‍ വെട്ടി മാറ്റാനോ മണ്ണ് കൊണ്ടുപോകാനൊ അനുമതിയില്ല. സൗത്ത് വല്ലം-റയോണ്‍പുരം റോഡില്‍ ആയത്തറ ഭാഗത്തേക്ക് തിരിയുന്ന ജങ്ഷനിലെ അടച്ചിട്ടിരുന്ന പ്രവേശന കവാടത്തിന്റെ ഗേറ്റ് തുറന്നാണ് മണ്ണും മരങ്ങളും കടത്തിക്കൊണ്ടുപോകുന്നതെന്നാണ് സംശയം. പല ഭാഗത്തും മതില് പൊളിഞ്ഞുകിടക്കുന്നുണ്ട്.
കമ്പനി വളപ്പിനോട് ചേര്‍ന്ന് പെരിയാര്‍ നദി ഒഴുകുന്നതിനാല്‍ ഇവിടത്തെ മണ്ണ് നീക്കിയാല്‍ വര്‍ഷകാലത്ത് വീടുകളിലേക്ക് ഉള്‍പ്പടെ വെള്ളം കയറാന്‍ ഇടയാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഏക്കര്‍ കണക്കിനുള്ള ഭൂമിക്കടിയില്‍ മണല്‍ ശേഖരമുണ്ട്.
തേക്ക് മരങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് വെട്ടി നീക്കി വിളിപ്പാടകലെയുള്ള മുടിക്കല്‍ ഫോറസ്റ്റ് കോമ്പൗണ്ടില്‍ സൂക്ഷിക്കണമെന്നും പാഴ്മരങ്ങള്‍ പരസ്യമായി ലേലം ചെയ്യണമെന്നും പ്രവേശന കവാടങ്ങളിലെ സി.സി ടി.വി ക്യാമറകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസിയായ എം.ബി. ഹംസ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ നിവേദനം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

