തെരുവുനായ്ക്കളുടെ ശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ
text_fieldsമട്ടാഞ്ചേരി: തെരുവുനായ് ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. ചൊവ്വാഴ്ച രാവിലെ ജൈന ക്ഷേത്രത്തിന് സമീപം 11കാരന് കടിയേറ്റു. കോമ്പാറമുക്ക് കീച്ചേരിപ്പറമ്പിൽ താമസിക്കുന്ന ദുൽഖറിനാണ് കടിയേറ്റത്. ഒരാഴ്ചക്കിടെ ആറുപേർക്ക് നേരെയാണ് മേഖലയിൽ നായ്ക്കളുടെ ആക്രമണമുണ്ടായത്.
തെരുവിലൂടെ നടക്കുന്നവർ വടികൂടി കൈയിൽ കരുതേണ്ട അവസ്ഥയാണ്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ നായ്ക്കൾ കൂട്ടമായി തെരുവുകൾ കൈയടക്കുമ്പോൾ ഏറെ ഭയന്നാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ യാത്ര ചെയ്യുന്നത്. സമീപത്തെ മദ്റസയിലെ വിദ്യാർഥികൾ ഏറെ ഭയാശങ്കയിലാണ്. വിദ്യാർഥികൾക്ക് നേരെ പലകുറി നായ്കൾ കുരച്ചുചാടിയിട്ടുണ്ട്. സമീപത്തെ പറമ്പിൽ തമ്പടിച്ചിരിക്കുകയാണ് മുപ്പതോളം വരുന്ന നായ്ക്കൾ. ഇവയിൽ അക്രമകാരികളുമുണ്ട്.
കഴിഞ്ഞ ദിവസം പറമ്പിനകത്തെ വീട്ടിൽ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാർക്ക് നേരെ നായ്ക്കൂട്ടം കുരച്ചെത്തിയിരുന്നു. നായ്ശല്യത്തെതുടർന്ന് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയർന്നു. ഇതോടെ നഗരസഭയുടെ നേതൃത്വത്തിലെത്തിയ സംഘം നാലുനായ്ക്കളെ പിടികൂടി. കൊച്ചിയിൽ മുമ്പെങ്ങുമില്ലാത്തവിധം തെരുവുനായ് ശല്യം രൂക്ഷമാണ്. മാർച്ചിൽ പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മക്ക് കടിയേറ്റിരുന്നു. ടൂറിസം മേഖലയായ ഫോർട്ട്കൊച്ചിയിലും തെരുവുനായ്ക്കൾ പെരുകുകയാണ്. കടപ്പുറത്തും കമാലക്കടവിലും പരിസരത്തും നായ്ശല്യംമൂലം നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. കഴിഞ്ഞ ദിവസം റോ റോ ജെട്ടിക്ക് സമീപം ഇരുചക്രവാഹനത്തിൽ പിതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന കുട്ടിക്കുനേരെ നായുടെ ആക്രമണമുണ്ടായി. റോഡിലൂടെ നടക്കുന്നവർ മാത്രമല്ല ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെയും നായ്ക്കൾ വെറുതെവിടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

