കുമ്പളങ്ങിയിൽ വാസം ഉറപ്പിച്ച് പെലിക്കനുകൾ
text_fieldsപള്ളുരുത്തി: ലോക്ഡൗൺ സമയത്ത് വിരുന്നുകാരായി എത്തിയ ഒരു കൂട്ടം പെലിക്കനുകൾ കുമ്പളങ്ങിയിൽ സ്ഥിരതാമസമാക്കി. മാർച്ച് മാസത്തോടെയാണ് കുമ്പളങ്ങി-കണ്ടക്കടവ് റോഡിലെ പാടശേഖരത്ത് പെലിക്കനുകൾ സാധാരണയായി എത്തുന്നത്. ഇവയെ കാണാനും ചിത്രങ്ങൾ പകർത്താനും നിരവധി പക്ഷി നിരീക്ഷകരും നാട്ടുകാരുമാണ് എത്തുന്നത്. കൂട്ടത്തോടെ പറന്നിറങ്ങി ഇര തേടുന്ന ദേശാടന പക്ഷികളായ പെലിക്കനുകൾ ഒരു സ്ഥലത്ത് അധികം നാൾ താമസിക്കാറില്ല. ഏപ്രിൽ-മേയ് മാസത്തോടെ ഇവ കുമ്പളങ്ങിയിൽനിന്നും അടുത്ത ചതുപ്പു നിലം തേടി പോകാറാണ് പതിവ്. എന്നാൽ, ലോക് ഡൗൺ സമയത്ത് കുമ്പളങ്ങിയിലെത്തിയ പത്തോളം പെലിക്കനുകൾ രാവിലത്തെ ഇര തേടലിനു ശേഷം വൈകീട്ട് തെങ്ങോലകളിൽ വിശ്രമിക്കുകയാണ്.
പെലിക്കനിഡെ കുടുംബത്തിൽപ്പെട്ട ജല പക്ഷികളുടെ ഒരു വർഗമാണ് പെലിക്കനുകൾ. പക്ഷി വർഗത്തിൽ ഉൾപ്പെടുന്ന പെലിക്കനുകൾ പറക്കുകയും നീന്തുകയും ചെയ്യും.
നീണ്ട ചുണ്ടുകളും ഇരയെ പിടിച്ചിട്ട് വിഴുങ്ങുന്നതിനു മുമ്പ് വെള്ളം വാർത്തിക്കളയാനുതകുന്ന കഴുത്തിൽ തൂങ്ങിക്കിടക്കുന്ന വലിയ സഞ്ചിയും ഇവയുടെ പ്രത്യേകതയാണ്. മത്സ്യം പ്രധാന ഭക്ഷണമാക്കിയ പെലിക്കനുകൾ ഇര തേടി ദിവസേന നൂറു കിലോമീറ്ററിലധികം സഞ്ചരിക്കും. തെക്ക് കിഴക്കേ യൂറോപ്പ് മുതൽ ഏഷ്യയിലും ആഫ്രിക്കയിലെയും ചതുപ്പുകളിലും ആഴമില്ലാത്ത തടാകങ്ങളിലുമാണ് ഇവയെ കാണപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

