ലഹരിത്താവളമായി പട്ടിമറ്റം ഷോപ്പിങ് കോംപ്ലക്സ്
text_fieldsപട്ടിമറ്റം ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് മാലിന്യം നിറഞ്ഞുകിടക്കുന്നു
പട്ടിമറ്റം: ലഹരിയുടെ താവളമായി മാറിയ പട്ടിമറ്റം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് സംരക്ഷണം അധികൃതർ മറന്നതായി പരാതി. കഴിഞ്ഞ ദിവസം ഷോപ്പിങ് കോംപ്ലക്സിന്റെ പാനൽ ബോർഡ് ഇളകി താഴേക്ക് പതിച്ചിരുന്നു. ആയിരക്കണക്കിന് അന്തർസംസ്ഥാന തൊഴിലാളികൾ തമ്പടിക്കുന്ന പട്ടിമറ്റത്ത് ലഹരിവസ്തുക്കളുടെ കൈമാറ്റത്തിനായി ഷോപ്പിങ് കോംപ്ലക്സ് പരിസരം ഉപയോഗപ്പെടുത്തുന്നുവെന്നും പരാതിയുണ്ട്. ഷോപ്പിങ് കോംപ്ലക്സിന് ചുറ്റും മദ്യകുപ്പികളും സിറിഞ്ച് ഉൾപ്പെടെ കൂടികിടക്കുന്നതും കാണാം. രാത്രിയും വൈകിയും പുലർച്ചെയും ഓപ്പൺ എയർ സ്റ്റേജ് കേന്ദ്രീകരിച്ച് ലഹരി കൈമാറ്റം നടക്കുന്നുവെന്നാണ് വിവരം.
ഷോപ്പിങ് കോംപ്ലക്സിനോട് അനുബന്ധിച്ച് ഉയർന്ന് നിൽക്കുന്ന ഓപ്പൺ എയർ സ്റ്റേജിൽ നിന്നാൽ ഏത് ഭാഗത്ത് നിന്നും ആരു വന്നാലും കാണാനാകും എന്ന സൗകര്യം മുതലാക്കിയാണ് ലഹരി വസ്തുക്കളുടെ കൈമാറ്റം ഇവിടെ നടക്കുന്നത്. ലഹരിയുമായി എത്തുന്ന ഏജന്റുമാർ ക്യാമ്പ് ചെയ്യുന്നതും ഇവിടെയാണ്. പൊലീസോ എക്സൈസോ പേരിന് പോലും ഇവിടെ പരിശോധന നടത്താറില്ല. സന്ധ്യ മയങ്ങിയാൽ മദ്യപ സംഘങ്ങളുടെ താവളവും ഊരും പേരുമില്ലാത്ത ഏതാനും അന്തർ സംസ്ഥാന തൊഴിലാളികൾ ശേഖരിക്കുന്ന ആക്രിസാധനങ്ങൾ സൂക്ഷിക്കുന്നതും ഇവിടെയാണ്.
പട്ടിമറ്റം ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം മൂന്ന് നിലകളിലായി 3200 ചതുരശ്രയടിലാണ് നിർമാണം പൂർത്തിയാക്കിയത്. കെ.യു.ആർ.ഡി.എഫ്.സിയിൽ നിന്ന് 60 ലക്ഷം രൂപ ലോണും പഞ്ചായത്തിന്റെ ഫണ്ടും ഉപയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. നേരത്തെ പട്ടിമറ്റം എസ്.ബി.ഐ ശാഖ ഇവിടെ 45,000 രൂപ പ്രതിമാസ വാടകനിരക്കിൽ പ്രവർത്തിച്ചിരുന്നു. കൂടുതൽ സൗകര്യം ലഭിച്ചതോടെ ശാഖ മറ്റൊരിടത്തേക്ക് മാറി. പ്രതിമാസം 50,000 രൂപയിൽ കൂടുതൽ വാടക ലഭിക്കാവുന്ന സാഹചര്യവും നിലവിലുണ്ട്. അധികൃതർ ഷോപ്പിങ് കോംപ്ലക്സ് സംരക്ഷിക്കാത്തത് സ്വകാര്യ വ്യക്തി നൽകിയ കേസിന്റെ മറവിലാണെന്നാണ് ആരോപണം.
ഷോപ്പിങ് കോംപ്ലക്സ് നശിക്കുന്നതോടെ നഷ്ടമാകുന്നത് നൂറ്റാണ്ടുകളുടെ പൈതൃകം പേറുന്ന പട്ടിമറ്റത്തെ വായനശാലയാണ്. പട്ടിമറ്റത്തെ ഏക ബസ് കാത്തിരിപ്പ് കേന്ദ്രവും ഇവിടെയാണ്. നിരവധി പ്രാവശ്യം പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഷോപ്പിങ് കോപ്ലക്സ് സംരക്ഷിക്കുന്നതിന് വേണ്ട ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഷോപ്പിങ് കോംപ്ലക്സിലെ പാനൽ ബോർഡ് താഴേക്ക് വണതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദർശിച്ചിരുന്നങ്കിലും ഭരണസമിതിയാണ് തീരുമാനം എടുക്കേണ്ടത് എന്നാണ് നാട്ടുകാരുടെ ചോദ്യത്തിന് മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

