ക്വാറൻറീനിൽ കഴിയുന്നവർക്കൊപ്പം രോഗിയും; എറണാകുളത്ത് പൊലീസിൽ അമർഷം
text_fieldsകൊച്ചി: കോവിഡ് പോസിറ്റിവായ പൊലീസ് ഡ്രൈവറെ താമസിപ്പിക്കുന്നത് പ്രൈമറി കോൺടാക്ടായി ക്വാറൻറീനിൽ കഴിയുന്നവരുടെകൂടെ. രോഗവ്യാപനം ഏറുേമ്പാഴും പ്രൈമറി കോൺടാക്ട് ലിസ്റ്റിൽ വരുന്നവർക്കുപോലും ഡ്യൂട്ടിക്ക് കയറണം. എറണാകുളം സിറ്റി പൊലീസിനാണ് ഈ ഗതികേട്. എ.ആർ ക്യാമ്പിലെ മോട്ടോർ ട്രാൻസ്പോർട്ട് സെക്ഷനിൽ ഇതുവരെ ഒമ്പതുപേർ കോവിഡ് പോസിറ്റിവായി.
മോട്ടോർ ട്രാൻസ്പോർട്ട് സെക്ഷനിൽ ആദ്യം നാലുപേർക്കാണ് കോവിഡ് പിടിപെട്ടത്. ഇതിൽ രണ്ടുപേർ ഡ്രൈവർമാരായിരുന്നു. തുടർന്ന് പ്രൈമറി കോൺടാക്ടിൽപെട്ട 24 പൊലീസുകാർ ക്വാറൻറീനിലായി. എന്നാൽ, ജി.ഡി ഡ്യൂട്ടിചെയ്തിരുന്ന മൂന്ന് ഡ്രൈവർമാരെ ക്വാറൻറീനിൽ പോകാൻ അനുവദിച്ചില്ല. ഇവർകൂടി ക്വാറൻറീനിൽ പോയാൽ പൊലീസ് പ്രവർത്തനത്തിന് തടസ്സമുണ്ടാകുമെന്നാണ് ഇതിന് മേലധികാരികൾ കാരണമായി പറഞ്ഞത്.
പിന്നീട് ഇതേ ഡ്രൈവർമാർ എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യം ആൻറിജൻ ടെസ്റ്റ് നടത്തിയതിൽ ഒരാൾക്ക് പോസിറ്റിവായി. കോവിഡ് ലക്ഷണങ്ങൾ പ്രകടമായിരുന്ന മറ്റ് രണ്ടുപേരോടും പി.സി.ആർ ടെസ്റ്റിന് ഡോക്ടർ നിർദേശിച്ചു. പരിശോധനയിൽ ഇതിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. റിസൽറ്റ് വരുംവരെ ഇവരെല്ലാം ഡ്യൂട്ടി ചെയ്തിരുന്നതിനാൽ സമ്പർക്കത്തിൽ വന്നവരുടെ നിര ഏറെയാണ്. ഇതിൽ പോസിറ്റിവായ ഒരാളെ താമസിപ്പിച്ചിരിക്കുന്നത് ടി.ഡി റോഡിലെ പൊലീസുകാർക്കുള്ള കോവിഡ് കെയർ സെൻററിലാണ്. ക്വാറൻറീനിലുള്ളവർക്കൊപ്പമാണ് രോഗം പിടിപെട്ടയാളെയും താമസിപ്പിച്ചത് എന്നത് വിചിത്രമാണ്. സ്റ്റാഫും ഡ്രൈവർമാരും പൊലീസുകാരും ഉൾപ്പെടെ 38 പേരാണ് മോട്ടോർ ട്രാൻസ്പോർട്ട് സെക്ഷനിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

