അപകടത്തിൽപ്പെട്ട തത്തക്ക് രക്ഷകനായി മുകേഷ് ജെയ്ൻ
text_fieldsതത്തയുടെ കാലിലെ വളയം മുറിച്ചു മാറ്റാനുള്ള ശ്രമത്തിൽ
മട്ടാഞ്ചേരി: കാലിൽ ഉണ്ടായിരുന്ന വളയം തെങ്ങിൽ കുടുങ്ങി പ്രാണരക്ഷാർഥം ചിറകടിച്ചു കഴിഞ്ഞ തത്തക്ക് രക്ഷകനായി മുകേഷ് ജെയ്ൻ. തോപ്പുംപടിയിലെ ഒരു തെങ്ങിന് മുകളിലാണ് പരുന്തുകൾ റാഞ്ചാൻ വട്ടമിട്ട് പറക്കുന്ന തത്ത കുടുങ്ങിയത്. വളർത്താൻ ഉപയോഗിച്ച ആരോ ആണ് തത്തയുടെ കാലിൽ കട്ടി കൂടിയ വളയം ഇട്ടിരുന്നത്. ഇവിടെനിന്നും രക്ഷപ്പെട്ട് പറന്നതാകാം തത്തയെന്നാണ് കരുതുന്നത്. തത്തയെ താഴെ ഇറക്കിയ മുകേഷ് ജെയ്ൻ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും വളയം മുറിക്കാനുള്ള സംവിധാനമില്ലാത്തതിനാൽ പിന്നീട് മറ്റൊരു വിദഗ്ധനെ വിളിച്ച് വളയം മുറിച്ച് മാറ്റുകയായിരുന്നു. തുടർന്ന് പറത്തി വിടാൻ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാൽ ശ്രമം വിഫലമായി. സംരക്ഷിച്ച് പൂർണ ആരോഗ്യത്തിലാകുമ്പോൾ പറത്തി വിടാനുള്ള ശ്രമത്തിലാണ് ഗുജറാത്തി വംശജനായ മുകേഷ് ജെയ്ൻ.