40 വർഷം പിന്നിട്ടിട്ടും പൂർത്തിയാകാതെ പള്ളുരുത്തി 40 അടി റോഡ്
text_fieldsപള്ളുരുത്തി: തോപ്പുംപടി-ഇടക്കൊച്ചി റോഡിന് സമാന്തരമായി പടിഞ്ഞാറ് ഭാഗത്തുകൂടി ഒരുറോഡ് എന്ന ആശയത്തോടെ കൊച്ചി കോർപറേഷൻ നിർമാണം തുടങ്ങിയ 40 അടി വീതിയുള്ള റോഡ് നിർമാണം നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും പൂർത്തിയാകുന്നില്ല.
1979 ലാണ് നഗരസഭയുടെ അഭിമാന പദ്ധതിയെന്ന നിലയിൽ കൊട്ടിഗ്ഘോഷിച്ചു 40 അടി റോഡ് പ്രഖ്യാപനം നടന്നത്. ഒരു വർഷത്തിനു ശേഷം നിർമാണം തുടങ്ങി. തോപ്പുംപടി പള്ളി ചാലിൽനിന്ന് തുടങ്ങി പള്ളുരുത്തി നമ്പ്യാപുരം, കച്ചേരിപ്പടി, കൊല്ലശേരി, കോണം, പെരുമ്പടപ്പ്, പഷ്ണിത്തോട് വഴി പാടശേഖരങ്ങൾക്കിടയിലൂടെ ഇടക്കൊച്ചിയിൽ അവസാനിക്കുന്ന വിധത്തിലാണ് രൂപരേഖ തയാറാക്കിയത്.
കോണം കൾട്ടസ് റോഡ് വരെ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇനിയും ഭൂമി ഏറ്റെടുക്കാനുണ്ട്.
പള്ളിച്ചാൽ മുതൽ നമ്പ്യാപുരം വരെയുള്ള റോഡ് നിർമാണം പൂർത്തിയായി നിൽക്കുകയാണ്.ഓരോ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ വരുമ്പോഴും 40 അടി റോഡ് ചർച്ചയാകുമെങ്കിലും ഓരോ വർഷവും ചെറിയ തുക മാത്രമേ ബജറ്റിൽ നീക്കിവെക്കാറുള്ളു. നാല് പതിറ്റാണ്ടുമുമ്പ് പദ്ധതി തുടങ്ങിയ കാലഘട്ടത്തിലെ സ്ഥിതിയല്ല ഇപ്പോൾ. ഭൂമിയുടെ വില പല മടങ്ങ് വർധിച്ചു. ഭൂമി ഏറ്റെടുക്കലാണ് ഇവിടെ തടസ്സമായി നിൽക്കുന്നത്. ഒരു റോഡിനു വേണ്ടി ഇത്ര വലിയ തുക മുടക്കാൻ നഗരസഭക്ക് കഴിയില്ല. എന്നാൽ, പകരം സംവിധാനം ഒരുക്കാൻ തയാറാകുന്നുമില്ല. റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയാൽ സർക്കാർ പണം മുടക്കി നിർമാണം പൂർത്തിയാക്കിയേക്കും. കൾട്ടസ് റോഡ് വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കാനുള്ള സർേവ നടക്കുകയാണെന്നാണ് അധികൃതർ ഇപ്പോൾ പറയുന്നത്.
ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻപോലും ഇതുവരെ നഗരസഭക്ക് കഴിഞ്ഞിട്ടിെല്ലന്നതും നിലനിൽക്കുന്നു. ഇടക്കൊച്ചി വരെ പൂർത്തീകരിച്ചില്ലെങ്കിലും തൽക്കാലം പെരുമ്പടപ്പ് വരെയെങ്കിലും എത്തിച്ചാൽ കൊള്ളാമായിരുെന്നന്നാണ്നാ ട്ടുകാർ പറയുന്നത്.