അതിജീവനത്തിന് കൈനീട്ടി രണ്ട് സർക്കാർ സ്കൂളുകൾ
text_fieldsപള്ളിക്കര: സമീപ ദിവസങ്ങളിൽ കരിമുകൾ - ഇൻഫോപാർക്ക് പാതയിൽ യാത്ര ചെയ്തവർക്ക് റോഡിനോട് ചേർന്ന് ഡിസ്ട്രിക്റ്റ് ജയിൽ നാഗർകോവിൽ എന്ന് ഇംഗ്ലീഷിലും തമിഴിലും എഴുതിയിരിക്കുന്ന ഒരു ബോർഡ് കാണാം. വലിയ മതിൽകെട്ടിൽ ഒരു വലിയ ചുവന്ന ലോഹ ഗേറ്റിലാണ് ഇത് എഴുതിയിരിക്കുന്നത്. ജയിലുമായി ബന്ധപ്പെട്ട സിനിമ ചിത്രീകരണം നടക്കുന്ന ഈ മതിൽക്കെട്ടിനുള്ളിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ സർക്കാർ എയ്ഡഡ് ബ്രഹ്മപുരം അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തിച്ചിരുന്നു. വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ ഇടിവ് കാരണം ആളൊഴിഞ്ഞതും ഉപേക്ഷിക്കപ്പെട്ടതുമായ അവസ്ഥയിലായപ്പോൾ സ്കൂൾ. 2020-21 അധ്യയനവർഷത്തിലാണ് സ്കൂൾ പ്രവർത്തനം നിർത്തിയത്. ഇവിടെയുണ്ടായിരുന്ന രണ്ട് വിദ്യാർഥികളെ മറ്റൊരു സ്കൂളിലേക്ക് മാറ്റി.
ഈ സ്കൂളിന്റെ തൊട്ട് അയൽപക്കത്ത് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സർക്കാർ ജൂനിയർ ബേസിക് സ്കൂളും അതിജീവനത്തിനായി ശ്വാസംമുട്ടുകയാണ്.
1915ൽ സ്ഥാപിതമായ ഈ സ്കൂളിലെ 15 കുട്ടികളിൽ 12 പേരും കുടിയേറ്റ തൊഴിലാളികളുടെ മക്കളാണ്. മൂന്നുപേർ മാത്രമാണ് നാട്ടുകാരായുള്ളത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കളാണ് ഇവർ. കഴിഞ്ഞ നവംബറിൽ സ്കൂൾ തുറക്കുമ്പോൾ ഞങ്ങൾക്ക് 15 കുട്ടികളുണ്ടായിരുന്നു. പിന്നീട് കൊഴിഞ്ഞുപോക്ക് തുടങ്ങി. അടുത്തവർഷം വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിലെ ദിശ പ്രവർത്തകരുടെ സഹായത്തോടെ കൂടുതൽ കുട്ടികളെ എത്തിക്കാൻ ശ്രമിക്കുമെന്ന് പ്രധാനാധ്യപിക കെ.ജെ. സിന്ധു പറഞ്ഞു.
ബ്രഹ്മപുരത്തും പരിസര പ്രദേശങ്ങളിലുമായി ഭൂമി ഏറ്റെടുത്തതോടെ ഈ ഭാഗത്തുനിന്ന് കൂട്ടത്തോടെ കുടുംബങ്ങൾ ഒഴിഞ്ഞുപോയതാണ് വർഷങ്ങളോളം നൂറുകണക്കിന് വിദ്യാർഥികൾക്ക് അറിവ് പകർന്ന് നൽകിയ ഈ വിദ്യാലയങ്ങളെ പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇപ്പോൾ സ്കൂളിലെ നാല് അധ്യാപകർ സംയുക്തമായി തങ്ങളുടെ എല്ലാ വിദ്യാർഥികൾക്കും യാത്ര സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ്.