എല്ലാത്തിനും തീവില: കുടുംബ ബജറ്റ് താളം തെറ്റുന്നു
text_fieldsപള്ളിക്കര: നിത്യോപയോഗ സാധനങ്ങളുടെ വിലവർധന സാധാരണ ജനങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നു. ദിനംപ്രതിയുണ്ടാകുന്ന ഇന്ധന വിലക്കയറ്റത്തിന് പിന്നാലെയാണ് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നത്. രണ്ടുമാസത്തിനുള്ളില്‍ അരിക്ക് കിലോക്ക് 10 രൂപ വരെ വർധനയുണ്ടായിട്ടുണ്ട്. കുത്തരിക്ക് 10 രൂപയും വെള്ളയരിക്ക് അഞ്ച് രൂപയുമാണ് കൂടിയത്. പാമോയില്‍, സൺഫ്ലവര്‍ ഓയില്‍ എന്നിവക്ക് 50 രൂപയിലധികം വർധനയുണ്ടായി. മുളകുപൊടി, മല്ലിപ്പൊടി മസാലപ്പൊടികള്‍ എന്നിവക്ക് 50 രൂപയോളം കൂടി.
160 രൂപയുണ്ടായിരുന്ന മുളക് ഇപ്പോള്‍ 210 രൂപയാണ്. 100 രൂപയുണ്ടായിരുന്ന മല്ലി 140 രൂപയായി. കോഴിയിറച്ചിക്ക് കേട്ടാല്‍ ഞെട്ടുന്ന വിലയാണ്. റീട്ടെയില്‍ വില 165 വരെയെത്തി. റമദാന്‍ ആരംഭിച്ചതോടെ കോഴിവില വീണ്ടും ഉയർന്നു. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ദിവസം പ്രതി വില വർധിപ്പിക്കാന്‍ ആരംഭിച്ചതോടെ അനുബന്ധ ഉൽപന്നങ്ങൾക്കും വില വർധിച്ചിരിക്കുകയാണ്. സോപ്പ്, സോപ്പുപൊടി തുടങ്ങിയ സാധാനങ്ങള്‍ക്ക് 10 മുതല്‍ 20 രൂപവരെ വർധിപ്പിച്ചു.
ഇപ്പോള്‍ പച്ചക്കറിയാണ് ജനങ്ങള്‍ക്ക് നേരിയ ആശ്വാസം. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് വില അടിക്കടി വർധിച്ചതോടെ ഹോട്ടലുകളും വില കൂട്ടാനുള്ള തയാറെടുപ്പിലാണ്. ഇതിന് പുറമെയാണ് മരുന്നുകള്‍ക്കും വില കൂടിയത്. ഇത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഗാര്‍ഹികാവശ്യങ്ങൾക്കുള്ള ഗ്യാസുകള്‍ക്കും വില വർധിച്ചതോടെ വീട്ടമ്മമാരെയും നേരിട്ട് ബാധിക്കുന്ന അവസ്ഥയാണ്. ഇതിനുപുറമെ വൈദ്യുതി, വെള്ളം, ഭൂനികുതി, വീട്ടുനികുതി, ബസ് ചാര്‍ജ്, ടാക്‌സി ചാർജ് എന്നിവയുടെയെല്ലാം വർധന ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്.
ജീവിതച്ചെലവ് വര്‍ധിക്കുന്നതിനിടയിലും സാധാരണക്കാരുടെ നിത്യവരുമാനം വർധിക്കുന്നില്ലെന്ന് മാത്രമല്ല, പലരും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോവിഡാനന്തരം ജോലി നഷ്ടപ്പെടുന്നതും വരുമാനം ഇല്ലാത്തതും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. പുതിയ തൊഴില്‍ മേഖല കണ്ടെത്താനും കഴിയുന്നില്ല. ഇങ്ങനെ പോയാല്‍ എന്തുചെയ്യാന്‍ കഴിയുമെന്ന ചിന്തയിലാണ് സാധാരണ ജനങ്ങള്‍. കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറും മത്സരിച്ച് വിലവര്‍ധിപ്പിക്കുകയാണെന്ന് ജനങ്ങള്‍ പറയുന്നു.