അറബിക് കാലിഗ്രഫി കൈകൊണ്ട് തീര്‍ത്ത് ബഷീര്‍ ബാവ
text_fields1. ബഷീര്‍ ബാവ, 2. ബഷീര്‍ കൈകൊണ്ട് പുട്ടി ഉപയോഗിച്ച് തയാറാക്കിയ ടെസ്റ്റര്‍ അറബിക് കാലിഗ്രഫി
പള്ളിക്കര: താന്‍ സ്വയം വികസിപ്പിച്ചെടുത്ത ടെസ്റ്റര്‍ അറബിക് കാലിഗ്രഫി കൈകൊണ്ട് തീര്‍ത്ത് പള്ളിക്കര അമ്പലപ്പടി കാരുവള്ളില്‍ ബഷീര്‍ ബാവ. പുട്ടി ഉപയോഗിച്ച് അറബിയിലെ ബിസ്മി, ആയത്തുല്കുറുസി മുതല്‍ പല അക്ഷരങ്ങളും വാക്കുകളും പുട്ടി ഉപയോഗിച്ച് എഴുതിയെടുക്കുന്നു. മൂന്ന് സ്റ്റെപ്പുകളായാണ് കാലിഗ്രഫി തയാറാക്കുന്നത്.
ബ്രാക്കറ്റ് ഉണ്ടാക്കി ഭിത്തി ഒരുക്കി പുട്ടി ഉപയോഗിച്ച് എഴുതിയതിനുശേഷം അത് ഉണങ്ങുന്നതോടെ അനുയോജ്യമായ നിറം ചേര്‍ക്കും. ഇത്തരത്തില്‍ വീടുകളുടെ കിടപ്പുമുറികളും കുട്ടികളുടെ മുറികളും മറ്റും അലങ്കരിക്കാനും പറ്റും.
1990കളില്‍ തൃപ്പൂണിത്തുറ ചിത്രകല സ്കൂള്‍ ഓഫ് ആര്‍ട്സില്‍നിന്ന് ഡിപ്ലോമ എടുത്തതിന് ശേഷം പ്രവാസജീവിതത്തിലേക്ക് പ്രവേശിച്ച ബഷീര്‍ സൗദി റിയാദിലെ ഒരു പരസ്യകമ്പനിയിലാണ് എത്തിയത്. അവിടെ നിന്ന് അറബിയില്‍ കാലിഗ്രഫി പഠിച്ചു. അതില്‍നിന്ന് സ്വന്തമായാണ് പുട്ടി ഉപയോഗിച്ച് എഴുതുന്ന ടെസ്റ്റര്‍ അറബിക് കാലിഗ്രഫി വികസിപ്പിച്ചെടുത്തത്. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയിട്ട് എട്ടുവര്‍ഷം ആയെങ്കിലും ഇപ്പോഴാണ് ഇത് ഒരു തൊഴിലായി സ്വീകരിച്ചത്. ചിത്രരചനയിലും ബഷീര്‍ മുന്നിലാണ്. ഇതിനകം കുന്നത്തുനാട് പഞ്ചായത്തിലെ 14ഓളം അംഗന്‍വാടികളില്‍ പ്രത്യേകം ചുവര്‍ചിത്രങ്ങളും അക്കങ്ങളും അക്ഷരങ്ങളും എല്ലാം ആകര്‍ഷക രൂപത്തില്‍ എഴുതി ശ്രദ്ധേയമായിരിക്കുകയാണ്. പട്ടിമറ്റത്ത് അഗാപ്പെയുടെ നേതൃത്വത്തില്‍ നിർമാണം നടത്തിയ അംഗന്‍വാടിയില്‍ ചുവര്‍ചിത്രങ്ങളും മറ്റും തീര്‍ത്തതോടെയാണ് കൂടുതല്‍ ശ്രദ്ധേയമായത്. പല ഉദ്യോഗസ്ഥരും വന്ന് കാണുകയും ഇതേ രൂപത്തില്‍ അംഗന്‍വാടികളില്‍ ചിത്രം വരക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതായി ബഷീര്‍ പറഞ്ഞു. ജില്ലക്ക് പുറത്തുനിന്ന് വരെ വിളിവരുന്നുണ്ട്. പല സ്വകാര്യ സ്ഥാപനങ്ങളിലും ഓഫിസുകളിലും ഇത്തരത്തില്‍ ചിത്രം വരച്ചിട്ടുണ്ട്.
സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ ചിത്രകലയില്‍ തല്പരനായിരുന്നു ബഷീര്‍. അന്ന് സ്കൂളില്‍ നടന്ന ചിത്രരചന മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത് ബാലരമ ജില്ലയില്‍ നടത്തിയ മത്സരത്തിലും ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കൂടാതെ വിദ്യാർഥിയായിരിക്കെ അന്ന് കുന്നത്തുനാട്ടിലെ സ്ഥാനാർഥിയായിരുന്നു ടി.എച്ച്. മുസ്തഫക്കും പി.പി. എസ്തോസിനും വേണ്ടിയും മതിലുകള്‍ എഴുതുന്നതിനും രാത്രിയെന്ന പകലെന്നോ ഇല്ലാതെ സജീവമായി പങ്കെടുക്കുകയും ചെയ്തതായും ബഷീര്‍ പറഞ്ഞു.