അമിതഭാരം; ടോറസ് ഉടമക്കും ഡ്രൈവർക്കും 54,000 രൂപ വീതം പിഴ
text_fieldsകൊച്ചി: അമിതഭാരം കയറ്റിയ വാഹനത്തിന്റെ ഉടമസ്ഥനും ഡ്രൈവർക്കും 54,000 രൂപ വീതം 1,08,000 രൂപ പിഴ അടക്കാൻ കോടതി വിധി. എറണാകുളം ആർ.ടി എൻഫോഴ്സ്മെന്റ് നൽകിയ കേസിലാണ് എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെർണാണ്ടസ് പിഴയിട്ടത്.
2021 ഫെബ്രുവരി 22നാണ് സംഭവം. കാലടിയില്‍ വാഹന പരിശോധനക്കിടെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ബി. ശ്രീകാന്താണ് അമിത ഭാരം കയറ്റി വന്ന ടോറസ് കണ്ടെത്തിയത്. 35 ടൺ മാത്രം അനുവദിച്ചിട്ടുള്ള വാഹനത്തിൽ 52,490 കിലോ ഭാരം കയറ്റിയിരുന്നു.
17 ടൺ അമിത ഭാരം കണ്ടെത്തിയതിനെ തുടർന്ന് 35,500 രൂപ കോമ്പൗണ്ട് ചെയ്യാൻ ഇ-ചെലാൻ നൽകിയെങ്കിലും വാഹന ഉടമയും ഡ്രൈവറും ഇതിന് തയാറല്ലാത്തതിനാൽ ആർ.ടി.ഒയുടെ നിർദേശപ്രകാരം എ.എം.വി.ഐ ജോബിന് എം. ജേക്കബ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
വാഹന ഉടമയായ പട്ടിമറ്റം സ്വദേശി ടി.യു. ബെന്നി, ഡ്രൈവർ ഇടുക്കി മഞ്ഞപ്പാറ സ്വദേശി പ്രിന്‍സ് ജോസഫ് എന്നിവർ കോടതിയിൽ കുറ്റം നിഷേധിച്ചതിനാൽ കേസ് വിചാരണയിലേക്ക് നീണ്ടു.
മോട്ടോർ വാഹന വകുപ്പിന് വേണ്ടി കോടതിയിൽ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ സുമി പി. ബേബി ഹാജരായി. കോമ്പൗണ്ടിംഗ് ഫീ അടച്ച് തീർപ്പാക്കാത്ത എല്ലാ കേസുകളും കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾക്കായി സമർപ്പിച്ചിട്ടുണ്ടെന്നും ഹൈകോടതിയുടെ ഉത്തരവ് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുകയാണെന്നും ആർടി.ഒ കെ. മനോജ് അറിയിച്ചു.
നിലവിൽ കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ നടക്കുന്ന കേസുകളിൽ ജില്ല ലീഗൽ സർവീസ് അതോറിറ്റി നടത്തുന്ന വാരാന്ത്യ അദാലത്ത് പ്രയോജനപ്പെടുത്താനും അല്ലെങ്കിൽ വാഹന ഉടമ, ഡ്രൈവർ എന്നിവരിൽ ആരെങ്കിലും ഒരാൾ ഓഫീസിൽ നേരിട്ട് എത്തിയാൽ കോമ്പൗണ്ട് ചെയ്യാനും അവസരമുണ്ടെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

