കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ ആസൂത്രണ സമിതിയിൽ പഞ്ചായത്തിനു പുറത്തുള്ളവരെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബുധനാഴ്ച പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധം സംഘർഷത്തിലും ലാത്തിച്ചാർജിലും കലാശിച്ചു. ലാത്തിച്ചാർജിൽ ലോക്കൽ സെക്രട്ടറിയടക്കം നാല് സി.പി.എം പ്രവർത്തകർക്കും സംഘർഷത്തിൽ എ.എസ്.ഐക്കും പരിക്കേറ്റു. ലോക്കൽ സെക്രട്ടറി സുരേഷിെൻറ തലക്കും മൂക്കിനുമുണ്ടായ പരിക്കിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. മുൻ എം.എൽ.എ എം.പി. വർഗീസിന് പുറത്ത് പരിക്കേറ്റിട്ടുണ്ട്. അജിതൻ (44), ചോതി (74) എന്നിവരും ചികിത്സയിലുണ്ട്.
ട്വൻറി20 ഭരിക്കുന്ന മഴുവന്നൂർ പഞ്ചായത്തിലെ ആസൂത്രണ സമിതി യോഗം ബുധനാഴ്ച രാവിലെ നടക്കാനിരിക്കെയാണ് പ്രതിപക്ഷ ഐക്യസംഘം പഞ്ചായത്ത് ഓഫിസിനു മുന്നിൽ രാവിലെ മുതൽ പ്രതിഷേധം സംഘടിപ്പിച്ചത്. ആസൂത്രണ സമിതിയിൽ പഞ്ചായത്തിനു പുറത്തുള്ളവരെ ഉൾപ്പെടുത്തിയതും പ്രതിപക്ഷത്തെ ഒഴിവാക്കിയതുമാണ് സമരത്തിന് കാരണം.
പഞ്ചായത്തിനു പുറത്തുനിന്നുള്ളവരെ ഒഴിവാക്കി സമിതി പുനഃസംഘടിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഭരണമുന്നണി ഇതിനു വഴങ്ങാതെ ഹൈകോടതിയെ സമീപിച്ചു. ബുധനാഴ്ച രാവിലെ കേസ് പരിഗണിച്ച കോടതി, സമാധാനപരമായി പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനും ഒപ്പം ആസൂത്രണ സമിതി മാത്രം ചേരുന്നതിന് പൊലീസ് സഹായം നൽകാനും നിർദേശിച്ചു. ഇതനുസരിച്ച് ആസൂത്രണ സമിതി അംഗമായ ട്വൻറി20 ചീഫ് കോ ഓഡിനേറ്റർ സാബു എം. ജേക്കബ് പഞ്ചായത്തിനു സമീപത്തേക്ക് വാഹനത്തിൽ എത്തിയതോടെ പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാരെ പഞ്ചായത്ത് ഓഫിസിനു മുന്നിൽനിന്ന് മാറ്റാൻ ശ്രമിച്ചത് എതിർത്തതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു.
ഇതിനിടെയാണ് സി.പി.എം പ്രവർത്തകർക്കും കുന്നത്തുനാട് എ.എസ്.ഐ ശിവദാസിനും പരിക്കേറ്റത്. സംഘർഷസാധ്യത മുന്നിൽക്കണ്ട് പെരുമ്പാവൂർ ഡിവൈ.എസ്.പി കെ. ബിജുമോെൻറ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ പൂർണമായും മാറ്റിയ ശേഷം പൊലീസ് കാവലിൽ ഉച്ചക്ക് രണ്ടോടെ ആസൂത്രണ സമിതി യോഗം നടന്നു.