സിയാൽ സജ്ജം; തീവ്ര മഴയെ നേരിടാൻ ഓപറേഷൻ പ്രവാഹ് അതിവേഗം പുരോഗമിക്കുന്നു
text_fieldsവെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പുരോഗമിക്കുന്ന പ്രതിരോധ സംവിധാനങ്ങൾ
നെടുമ്പാശ്ശേരി: തീവ്ര മഴയുടെ പശ്ചാത്തലത്തിൽ കൊച്ചി വിമാനത്താവളത്തിലേയും പരിസരപ്രദേശങ്ങളിലേയും വെള്ളപ്പൊക്കം ഒഴിവാക്കാൻ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ സിയാൽ സജ്ജമാക്കി. മഴവെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകാനും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത പരമാവധി കുറക്കാനും ലക്ഷ്യമിട്ട് സിയാൽ നടപ്പാക്കുന്ന ''ഓപറേഷൻ പ്രവാഹ്'' അതിവേഗം പൂർത്തിയായി വരുന്നു.
ഇതിനൊപ്പം പുതിയ നിരീക്ഷണ സംവിധാനങ്ങളും ഇപ്പോൾ ഏർപ്പെടുത്തി വരികയാണ്. പദ്ധതിയുടെ ഭാഗമായി വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രധാന ശൃംഖലകളായ ചെങ്ങൽത്തോട്, കൈതകാട്ടുചിറത്തോട്, ഡൈവേർഷൻ കനാൽ എന്നിവിടങ്ങളിൽ വ്യാപകമായ തോട് ശുചീകരണ പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. തോടുകളിൽ അടിഞ്ഞുകൂടിയ എക്കൽ, മണ്ണ്, മാലിന്യങ്ങൾ, ജലപ്രവാഹത്തെ തടസ്സപ്പെടുത്തുന്ന മറ്റ് അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്ത് മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആകെ 23.85 കിലോമീറ്റർ ദൈർഘ്യമുള്ള തോടുകളിലും കനാലുകളിലുമായാണ് ശുചീകരണ-നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഏകദേശം 41 ലക്ഷം രൂപ ചെലവഴിച്ചാണ് ഇത്തവണ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഇതിൽ 17.90 കിലോമീറ്റർ ചെങ്ങൽത്തോടും 3.15 കിലോമീറ്റർ ഡൈവേർഷൻ കനാലും 2.80 കിലോമീറ്റർ കൈതകാട്ടുചിറത്തോടും ഉൾപ്പെടുന്നു. നാല് പാക്കേജുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം പാക്കേജിൽ കോസ്റ്റ് ഗാർഡ് എൻക്ലേവിൽ നിന്ന് പെരിയാർ വരെയുള്ള 5.50 കിലോമീറ്റർ ചെങ്ങൽതോടും 3.15 കിലോമീറ്റർ ഡൈവേർഷൻ കനാലും ഉൾപ്പെടുന്നു. ഇതിനായി 14.86 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. രണ്ടാം പാക്കേജിൽ 2.80 കിലോമീറ്റർ കൈതകാട്ടുചിറത്തോടും കല്ലയം മുതൽ ചൊവ്വര വരെയുള്ള 3.20 കിലോമീറ്റർ ചെങ്ങൽതോടും ശുചീകരിച്ചിട്ടുണ്ട്.
ഇതിന് 11 ലക്ഷം രൂപയാണ് ചെലവ്. മൂന്നാം പാക്കേജിന്റെ ഭാഗമായി ചൊവ്വര മുതൽ മഠത്തിമൂല വരെ 4.70 കിലോമീറ്റർ ചെങ്ങൽത്തോടിൽ 7.88 ലക്ഷം രൂപ ചെലവിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മഠത്തിമൂല മുതൽ പനയക്കടവ് പാലം വരെ 4.50 കിലോമീറ്റർ ചെങ്ങൽതോട് ഉൾപ്പെടുന്ന നാലാം പാക്കേജിന് 7.09 ലക്ഷം രൂപയാണ് ചെലവ്.
ഓപറേഷൻ പ്രവാഹിന്റെ ആദ്യ രണ്ട് ഘട്ടങ്ങളുടെ ഭാഗമായി മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ സിയാൽ നടപ്പാക്കിയിരുന്നു. ചൊവ്വര, മഠത്തിൽമൂല, പുളിയാമ്പിള്ളി എന്നിവിടങ്ങളിലായി 40 കോടി രൂപ ചിലവിൽ നിർമിക്കുന്ന പാലങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. ഈ മൂന്ന് പാലങ്ങളുടെയും നിർമാണ ചുമതല റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റൈറ്റ്സ് ലിമിറ്റഡ് എന്ന കമ്പനിക്കാണ്. നിലവിൽ ജലവിഭവവകുപ്പ്, കെ.എസ്.ഇ.ബി എന്നീ വകുപ്പുകളുടെ കാര്യക്ഷമമായ ഏകോപനത്തിലൂടെ നിർമാണ പ്രവർത്തനങ്ങൾക്ക് വേഗം കൈവരിച്ചിട്ടുണ്ട്.
വെള്ളപ്പൊക്ക നിവാരണ പദ്ധതിയായ ഓപറേഷൻ പ്രവാഹിന്റെ രണ്ടാം ഘട്ടത്തിൽ, റൺവേയുടെ തെക്ക് ഭാഗത്തുള്ള ഡൈവേർഷൻ കനാൽ വീതി കൂട്ടുകയും 20 കിലോമീറ്റർ ചുറ്റളവിലുള്ള വിവിധ തോടുകൾ നവീകരിക്കുകയും ചെയ്തതോടെ വിമാനത്താവളത്തിലെയും പരിസരത്തെയും വെള്ളപ്പൊക്കം നിയന്ത്രിക്കാനായി. നിലവിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ വെള്ളപ്പൊക്കെ നിയന്ത്രണ സംവിധാനമാണ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

