കൊച്ചിക്ക് വിദേശികളില്ലാത്ത ഓണം
text_fieldsകാക്കനാട് ജങ്ഷനില്‍ തൃക്കാക്കര നഗരസഭ ചെയര്പേഴ്സൻ ഉഷ പ്രവീണ്‍ ഓണപ്പതാക ഉയര്‍ത്തുന്നു
മട്ടാഞ്ചേരി: വിദേശികൾ ഇല്ലാത്ത ഒരു ഓണാഘോഷം കൊച്ചിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു. മൂന്നു പതിറ്റാണ്ടുകളായി വിദേശികളുടെ സാന്നിധ്യമില്ലാത്ത ഒരു ഓണാഘോഷം പൈതൃകനഗരിയിൽ കണ്ടിരുന്നില്ല. പോയ വർഷങ്ങളിൽ അത്തം മുതൽ പത്ത് ദിവസം വരെ ഓണാഘോഷത്തിെൻറ തിരക്കിലായിരുന്നു ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും. ദിവസങ്ങൾക്ക് മുൻപേ വിദേശികൾ എത്തി ഓണം ആഘോഷിക്കാൻ ഹോം സ്റ്റേയിൽ തങ്ങുമായിരുന്നു.
എന്നാൽ ഇന്ന് വഴിയോരങ്ങളിൽ ഒരു വിദേശിയെ പോലും കാണാൻ കഴിയാത്ത സ്ഥിതിയാണ്. ഫോർട്ട് കൊച്ചി ബീച്ച്, പള്ളത്തുരാമൻ സാംസ്കാരിക കേന്ദ്രം, കമാല കടവ് സ്ക്വയർ തുടങ്ങി നിരവധി വേദികളിലായി നടക്കുന്ന തുമ്പിതുള്ളൽ, ഉറിയടി, ഊഞ്ഞാലാട്ടം, അത്തപ്പൂക്കള മത്സരം, പുലികളി ,വടംവലി തുടങ്ങി നിരവധി കളികളിൽ വിദേശികളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
ഇതിൽ വിദേശികൾക്ക് ഏറെ ഇഷ്ടം പപ്പടം, പഴം, പായസവും ചേർന്നുള്ള ഓണസദ്യയാണ്. വഴിയോര കച്ചവടക്കാർ മുതൽ വൻകിട ഹോട്ടലുകാർക്ക് വരെ ഓണ സീസണിൽ വിദേശികളുടെ സാന്നിധ്യം വരുമാനം നേടിക്കൊടുത്തിരുന്നു. എന്നാൽ, കോവിഡ് എന്ന മഹാമാരി ടൂറിസം മേഖലയെ നിരാശയിലാക്കിയിരിക്കയാണ്. ഹോം സ്റ്റേ സംരംഭകർ വരെ കടുത്ത പ്രതിസന്ധിയിലാണ് .
തൃക്കാക്കരയിൽ ഓണപ്പതാക ഉയർത്തി
കാക്കനാട്: മഹാബലിയുടെ ആസ്ഥാനമെന്നറിയപ്പെടുന്ന തൃക്കാക്കരയില്‍ ഇത്തവണത്തെ ഓണം ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ.
ഞായറാഴ്ച രാവിലെ തൃപ്പൂണിത്തുറ അത്തം നഗറില്‍ നിന്നും നഗരസഭാ ചെയര്പേഴ്സൻ ചന്ദ്രികാ ദേവിയുടെ നേതൃത്വത്തില്‍ ചിത്രപ്പുഴയില്‍ എത്തിച്ച ഓണപ്പതാക നഗരസഭ ചെയര്പേഴ്സൻ ഉഷ പ്രവീണിെൻറ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. പതാക ഘോഷയാത്ര ഒഴിവാക്കി കളമശ്ശേരി നഗരസഭാതിര്‍ത്തിയില്‍ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് എ.കെ. ബഷീറിന് കൈമാറി.
തുടര്‍ന്ന് തൃക്കാക്കര ക്ഷേത്രത്തിലെ പൂജകള്‍ക്കു ശേഷം കാക്കനാട് ജങ്ഷനില്‍ ഓണപ്പതാക ആരവമില്ലാതെയാണ് ചെയര്പേഴ്സൻ ഉഷ പ്രവീണ്‍ ഉയര്‍ത്തിയത്. കോവിഡ് പ്രോട്ടോകോള്‍ പരിഗണിച്ച് കുറച്ച് കൗണ്‍സിലര്‍മാരെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങ് നടന്നത്.