കൊടുക്കാം ഒരു കൈയടി,ഈ പിള്ളേർക്ക്
text_fieldsഎൻ.എസ്.എസ് വളന്റിയർമാർ കെ.എസ്.ആർ.ടി.സി ബസുകൾ വൃത്തിയാക്കുന്നു
കുന്നുകര: പഠനത്തോടൊപ്പം വേറിട്ട സേവനമാണ് എം.ഇ.എസ് എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ് വോളണ്ടിയർമാർ കാഴ്ച വെക്കുന്നത്. കോളജിലെ 50ഓളം വോളൻറിയർമാർ സാമൂഹികവും സാംസ്കാരികവും ജീവകാരുണ്യപരവുമായ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. വിദ്യാർഥികൾ ചേർന്ന് കെ.എസ്.ആർ.ടി.സി പറവൂർ ഡിപ്പോയിലെ ആറ് ബസ് കഴുകി വൃത്തിയാക്കിയത് വേറിട്ട കാഴ്ചയായിരുന്നു.
മുൻ വർഷങ്ങളിൽ അങ്കമാലി ഡിപ്പോയിലെ ബസുകളും ഇത്തരത്തിൽ ശുചീകരിച്ചിരുന്നു. വോളൻറിയർ സെക്രട്ടറിമാരായ പി.പി. നിഹിത, പ്രണയ കെ. പ്രകാശ്, പി.ജെ. ദിൽസ്വരൂപ്, മുഹമ്മദ് ഫാഹിദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഏഴ് ദിവസത്തെ ക്യാമ്പ് പുതുമ പകർന്നു. കോളജിന് വിളിപ്പാടകലെയുള്ള മാഞ്ഞാലി തേലത്തുരുത്ത് കവല മുതൽ കുന്നുകര ജങ്ങ്ഷൻ വരെ കാലപ്പഴക്കത്താൽ മാഞ്ഞുപോയതും മങ്ങിക്കിടന്നതുമായ ട്രാഫിക് സൈൻ ബോർഡുകൾ കഴുകിയും പെയിൻറടിച്ചും വൃത്തിയാക്കി. കോളജ് പരിസരത്തെ ചാലാക്കൽ, വയൽകര എന്നിവിടങ്ങളിൽ നിർധനരെ കണ്ടെത്തി രണ്ട് വീടുകൾ നിർമിച്ച് നൽകാൻ ആവിഷ്കരിച്ച പദ്ധതി പൂർത്തിയായി വരുന്നു. ജീവകാരുണ്യ രംഗത്തെ വിദ്യാർഥികളുടെ സേവന സന്നദ്ധതയെ കോളജ് മാനേജ്മെൻറ് സെക്രട്ടറി ഡോ.കെ. അബൂബക്കർ, ട്രഷറർ എം.ഐ. അബ്ദുൽ ഷെരീഫ്, പ്രിൻസിപ്പൽ ഡോ. പ്രീത ആർ. നായർ തുടങ്ങിയവർ അനുമോദിച്ചു.
കോട്ടുവള്ളിയിൽ ഭിന്നശേഷിക്കാരായ അഞ്ച് കുട്ടികളെയും 10 വയോജനങ്ങളെയും ഉൾപ്പെടുത്തി കളിയും ചിരിയുമായി ആനന്ദ നിമിഷങ്ങൾ സമ്മാനിച്ച ക്രിസ്മസ് ആഘോഷം മറക്കാനാകാത്ത അനുഭവമായി. സപ്തദിന ക്യാമ്പിൽ സാംസ്കാരിക അവബോധം നേടുന്നതിന് വായനശാലകൾ സന്ദർശിക്കാനും ആകർഷണീയ പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കാനും സമയം കണ്ടെത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ആർ. പ്രശാന്ത്, കോളജിലെ വിവിധ വകുപ്പ് മേധാവികളായ പ്രഫ. രമേശ്, വിനു സെബാസ്റ്റ്യൻ, സൗമ്യ സദാനന്ദൻ, നിഷ മോൾ തുടങ്ങിയവരാണ് പുതുമയാർന്ന സേവനങ്ങളാൽ പ്രശംസിക്കപ്പെട്ട ക്യാമ്പിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

