പ്രധാനാധ്യാപകരില്ല; പ്രവർത്തനം താളംതെറ്റി എറണാകുളം ജില്ലയിലെ 24 സ്കൂളുകൾ
text_fieldsകൊച്ചി: അധ്യയനവർഷം ആരംഭിച്ച് രണ്ട് മാസമാകുമ്പോഴും പ്രധാനാധ്യാപകരില്ലാതെ ജില്ലയിലെ 24 സ്കൂളുകൾ. 17 എൽ.പി സ്കൂളുകളിലും ഏഴ് യു.പി സ്കൂളുകളിലുമാണ് എറണാകുളം ജില്ലയിൽ പ്രധാനാധ്യാപകരില്ലാത്തത്. ഈ സ്കൂളുകളിൽ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ താളംതെറ്റി. എ.ഇ.ഒ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. സ്കൂളുകളിൽ ദൈനംദിന പ്രവർത്തനങ്ങളും ഭരണപരമായ കാര്യങ്ങളും അവതാളത്തിലായെന്ന് അധ്യാപകർ പറയുന്നു. പ്രധാനാധ്യാപകരില്ലാത്തതിനാൽ കുട്ടികളെ ചേർക്കൽ, ടി.സി നൽകൽ, ഫണ്ട് ചെലവഴിക്കൽ, ഉച്ചഭക്ഷണം തുടങ്ങിയവക്കൊന്നും നാഥനില്ലാത്ത അവസ്ഥയാണ്.
പ്രധാനാധ്യാപകരില്ലാത്ത സ്കൂളുകളിൽ ആധികാരിക രേഖകളിൽ ഒപ്പുവെക്കാൻ ആളില്ല. പരിചയ സമ്പന്നതയുടെ അഭാവവും നിഴലിക്കുന്നു. ടെറ്റ് (ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യതയുമായി ബന്ധപ്പെട്ട് ഉണ്ടായ സുപ്രീംകോടതി ഉത്തരവാണ് പ്രധാനാധ്യാപക നിയമനത്തിന് തടസ്സമാകുന്നതെന്ന് അധ്യാപക സംഘടനകൾ പറയുന്നു. ടെറ്റ് നേടുന്നതിന് സുപ്രീം കോടതി 2028 സെപ്റ്റംബർവരെ സാവകാശം അനുവദിച്ചിട്ടുണ്ട്. അതിനാൽ മൂന്നുവർഷത്തിനകം ടെറ്റ് യോഗ്യത നേടിക്കൊള്ളാമെന്ന വ്യവസ്ഥയിൽ അധ്യാപകരിൽ നിന്ന് ബോണ്ട് സ്വീകരിച്ച് പ്രധാനാധ്യാപകരുടെ നിയമനം നടത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. മുൻ വർഷങ്ങളിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഒഴിവുള്ള അധ്യാപകരുടെ കണക്കെടുത്ത് മേയ്, ജൂൺ മാസങ്ങളിലായി നിയമനം നടത്തുകയാണ് ചെയ്തിരുന്നത്. അത് ഇത്തവണ നടന്നില്ല. പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കേണ്ടത് പ്രധാനാധ്യാപകരാണ്.
ജില്ലയിൽ ഒഴിവുള്ള എ.ഇ.ഒ മാരുടെ ഒഴിവ് നികത്തുന്നതിന് ഡി.പി.സി കൂടണം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ അടുത്തസമയത്താണ് നിയമിച്ചത്. എൽ.പി, യു.പി തലത്തിലുള്ളവരുടെ പ്രമോഷൻ ജില്ല തലത്തിൽ ഡി.ഡിമാരാണ് നടത്തുന്നത്. ഹൈസ്കൂൾ അധ്യാപകരുടെ പ്രമോഷൻ സംസ്ഥാന തലത്തിലാണ് നടത്തേണ്ടത്.
ടെറ്റ് യോഗ്യതയില്ലാത്തവർ ആയിരത്തോളം
2028 സെപ്‌റ്റംബർ ഒന്നിന് മുമ്പ് മുഴുവൻ അധ്യാപകരും കെ-ടെറ്റ് യോഗ്യത നേടിയിരിക്കണമെന്ന ഉത്തരവ് വന്നതോടെയാണ് ജില്ലയിലെ വലിയൊരു വിഭാഗം അധ്യാപകർ പ്രമോഷന് അനർഹരായത്. ജില്ലയിൽ നിലവിൽ എൽ.പി മുതൽ ഹൈസ്കൂൾവരെ 12,000 ത്തോളം അധ്യാപകരുണ്ട്. ഇവരിൽ ആയിരത്തോളം പേർ ടെറ്റ് യോഗ്യതയില്ലാത്തവരാണ്. സർവിസിൽ മുതിർന്നവരാണ് ഇവരിൽ ഏറെയും. 2013ന് മുമ്പ് സർവിസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമായിരുന്നില്ല.
സുപ്രീംകോടതി ഉത്തരവ് വന്നതോടെ പ്രമോഷൻ നേടണമെങ്കിൽ ഇവരും ടെറ്റ് പാസാവണമെന്ന അവസ്ഥയാണ്. സർവിസിൽ സീനിയർമാരായ ഇവരെ മറികടന്ന് ടെറ്റ് യോഗ്യതയുള്ള ജൂനിയർ അധ്യാപകരെ പ്രധാനാധ്യാപകാരായി നിയമിക്കാൻ സർക്കാർ മടിക്കുന്നു. ഇതോടെയാണ് ജില്ലയിൽ ഇത്രത്തോളം സ്കൂളുകളിൽ പ്രധാനാധ്യാപകരില്ലാത്ത സ്ഥിതിയായത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ടെറ്റ് പരീക്ഷ അധ്യാപകർ കൂട്ടത്തോടെ എഴുതിയിരുന്നു. അതിൽ 60 ശതമാനത്തോളം പേർ പാസായി. ആഗസ്റ്റ് 11,12 തീയതികളിൽ അധ്യാപകർക്ക് മാത്രമായി സ്പെഷൽ ടെറ്റ് പരീക്ഷ നടത്തുന്നുണ്ട്. അതിൽ വിജയിക്കുന്നവർ പ്രമോഷന് അർഹത നേടും.
‘ബോണ്ട് വാങ്ങി പ്രമോഷൻ നൽകണം’
ടെറ്റ് പാസാകുന്നതിന് മൂന്ന് വർഷത്തെ ഇളവ് സുപ്രീംകോടതി അനുവദിച്ചതിനാൽ അതിന് മുമ്പ് യോഗ്യത നേടിക്കൊള്ളാം എന്ന ബോണ്ട് അധ്യാപകരിൽ നിന്ന് വാങ്ങി പ്രമോഷൻ തസ്തികകൾ നികത്തുകയാണ് വേണ്ടതെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ടി.യു. സാദത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇപ്പോൾ ഒന്നോ രണ്ടോ വർഷത്തിനകം വിരമിക്കുന്നവർക്ക്പോലും പ്രമോഷൻ തടയപ്പെട്ട നിലയിലാണ്. അത് അവരുടെ പെൻഷനെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിരമിക്കാൻ അഞ്ച് വർഷം മാത്രം കാലാവധിയുള്ളവരെ ടെറ്റ് യോഗ്യത നേടുന്നതിൽ നിന്ന് കോടതി ഒഴിവാക്കിയിട്ടുണ്ട്. അത്തരക്കാരാണ് സർവിസ് സീനിയോറിറ്റി അനുസരിച്ച് പ്രധാനാധ്യാപക നിയമനത്തിന് അർഹതയുള്ളവർ. പ്രധാനാധ്യാപകരായി പ്രമോഷൻ നൽകി നിയമിക്കുമ്പോൾ അത് പുതിയ തസ്തികയിലുള്ള നിയമനമായേ കാണാനാകൂ എന്നും പുതിയ തസ്തികകളിൽ നിയമിക്കുന്നതിന് സുപ്രീംകോടതി വിധിയനുസരിച്ച് ടെറ്റ് യോഗ്യത ഇല്ലാത്തവരെ നിയമിക്കാനാവില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. അത് മറികടക്കാൻ ബോണ്ട് വാങ്ങുകയോ നിയമ നിർമാണം നടത്തുകയോ വേണമെന്നും ടി.യു. സാദത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

