കുടിവെള്ളവും യാത്രാസൗകര്യവുമില്ല; കൊച്ചി ദുരിതമയം
text_fieldsമട്ടാഞ്ചേരി: മൂന്നാഴ്ചയായി തുടരുന്ന ജലക്ഷാമത്തിനൊപ്പം ഹാർബർ പാലത്തിൽ ബാരിയർ ഘടിപ്പിക്കുന്നതിന്റെ പേരിൽ 50 ദിവസം പാലം പൂട്ടിയിടുകയും ചെയ്തതോടെ കഴിഞ്ഞ ഏഴ് ദിവസങ്ങളായി കൊച്ചി നിവാസികൾ ദുരിതക്കയത്തിൽ. കൊച്ചി മേഖലയിലെ ജനങ്ങളെ അധികാരികൾ ബന്ദികളാക്കുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നു.
നാലുചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന പശ്ചിമകൊച്ചിയുടെ പ്രധാന കവാടങ്ങളിൽ ഒന്നാണ് ഹാർബർ പാലം. ഒരു തരത്തിലുള്ള മുന്നറിയിപ്പുകളോ മുൻകരുതൽ നടപടികളോ ഇല്ലാതെയാണ് 50 ദിവസം പാലം അടച്ചിട്ടത്. വിദ്യാർഥികൾക്ക് പരീക്ഷ തുടങ്ങുന്ന വേളയിൽ പാലം അടച്ചത് തെറ്റായ നടപടിയാണെന്ന് സി.എം.പി ജില്ല സെക്രട്ടറി പി. രാജേഷ് ആരോപിച്ചു. നാമമാത്ര തൊഴിലാളികളെ മാത്രം ജോലിക്ക് നിയോഗിച്ച് പാലം നിർമാണം നീട്ടിക്കൊണ്ടുപോയി ജനങ്ങളെ കഷ്ടപ്പെടുത്തുകയാണെന്ന് മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി നിയാസ് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ വക പാലം അടച്ചപ്പോൾ മറ്റൊരു യാത്ര സൗകര്യമായ റോ-റോ സർവിസ് കാര്യക്ഷമമാക്കാതെയാണ് നഗരസഭയുടെ നീക്കം. കൊച്ചിയെ വൈപ്പിൻ മേഖലയുമായി ബന്ധിപ്പിക്കുന്ന റോ-റോ മാസങ്ങളായി മുടന്തുകയാണ്. ഒരു വെസൽ തകരാറിലായിട്ട് മൂന്നു മാസമായി. തകരാർ പരിഹരിച്ച് സർവിസ് പുനരാരംഭിക്കാനുള്ള യാതൊരു നീക്കവും സ്വീകരിക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ് നഗരസഭ. എറണാകുളം ഭാഗത്തേക്ക് റോ-റോ വഴി കടന്നുപോകാൻ കഴിയുമെന്നിരിക്കെ ഇവിടെയും ജനങ്ങളുടെ യാത്രാ തടസ്സം സൃഷ്ടിക്കുകയാണ് നഗരസഭ ഫലത്തിൽ ചെയ്തുവരുന്നത്.
മട്ടാഞ്ചേരിയിൽനിന്ന് എറണാകുളത്തേക്കുള്ള ബോട്ട് സർവിസ് നിലച്ചിട്ട് നാലു വർഷം പിന്നിട്ടു. രാജ്യത്തെ ആദ്യ പാസഞ്ചർ ബോട്ട് സർവിസ് തുടങ്ങിയ ജെട്ടിക്കാണ് ഈ ഗതികേട്. ജെട്ടിയുടെ പുനർനിർമാണവും തുടങ്ങിയിടത്തു തന്നെ. മട്ടാഞ്ചേരി വാട്ടർ മെട്രോ ജെട്ടി നിർമാണം ഏഴ് കോടി വാങ്ങി കരാറുകാരൻ മുങ്ങിയതോടെ ത്രിശങ്കുവിലാണ്.
ഇതിനു പുറമെ പലയിടങ്ങളിലും ബസ് റൂട്ടിൽ കലങ്കുകൾ പൊളിച്ചത് മറ്റൊരു യാത്രാദുരിതമാണ്. കരുവേലിപ്പടി ആശുപത്രിയോട് ചേർന്നുള്ള കലുങ്ക് പൊളിച്ച് നിർമാണം ആരംഭിച്ചിട്ട് മാസം ഒന്നര പിന്നിട്ടു. ഇതുവരെ പകുതി ഭാഗം മാത്രമാണ് പൂർത്തിയായത്. ഇവിടെയും വാഹനങ്ങൾ കാത്തുകെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലകളിൽ പലയിടത്തും കാനകൾക്ക് മുകളിൽ സ്ലാബിടുന്ന ജോലികൾ നടന്നുവരുകയാണ്. ചെറുറോഡുകളിൽ ഈ പ്രവർത്തിയും യാത്രാതടസ്സം സൃഷ്ടിക്കുന്നുണ്ട്. ചുരുക്കത്തിൽ കുടിവെള്ളമില്ലാതെ, സഞ്ചാരസൗകര്യമില്ലാതെ കൊച്ചി നിവാസികളെ ബന്ദിയാക്കിയിരിക്കയാണ് അധികൃതർ. ഇവക്കെതിരെ ശക്തമായി പ്രതികരിക്കുന്നതിനുള്ള ജനപ്രതിനിധികളുടെ അഭാവവും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

