നാടുനീളെ കണ്ണീർപ്പാതകൾ
text_fieldsകൊച്ചി: പലവിധ കാരണങ്ങളാൽ നിരത്തുകളിൽ അപകടങ്ങൾ പതിവായതോടെ രണ്ടാഴ്ചക്കിടെ പൊലിഞ്ഞത് ഒമ്പത് ജീവനുകൾ. 30 പേർക്കാണ് പരിക്കേറ്റത്. ആളുകൾക്ക് പരിക്കേൽക്കും വിധമുള്ള 16ഓളം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നഗര- ഗ്രാമ വ്യത്യാസമില്ലാതെ നിരവധി അപകടങ്ങളാണ് സമീപകാലത്തുണ്ടായത്. അശ്രദ്ധയും അമിത വേഗവും റോഡുകളുടെ ശോച്യാവസ്ഥയുമൊക്കെ അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.
2021 മുതൽ 2024 വരെ കൊച്ചി സിറ്റി പരിധിയിൽ 9,011 അപകടങ്ങളിലായി 587 ജീവനുകളാണ് പൊലിഞ്ഞത്. 8,904 പേർക്കാണ് പരിക്കേറ്റത്. 2019 മുതൽ 2024 വരെയുള്ള കണക്കുകൾ പ്രകാരം എറണാകുളം റൂറൽ പരിധിയിൽ 21212 അപകടങ്ങളിലായി 1638 പേർക്കാണ് ജീവൻ നഷ്ടമായത്. 22498 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടങ്ങൾ നിരവധി
നിരവധി അപകടങ്ങളാണ് സമീപദിവസങ്ങളിൽ ജില്ലയിലുണ്ടായത്. പാറപ്പുറം -വല്ലം കടവ് റോഡില്‍ തിരുവോണദിവസം നടന്ന വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചത്, കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂവാറ്റുപുഴക്കുംകോതമംഗലത്തിനും ഇടയിൽ കറുകടത്ത് വാഹനങ്ങൾ കൂടിയിടിച്ച് ഒരാൾ മരിച്ചത്, സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചത് എന്നിവയൊക്കെ ഒടുവിലെ സംഭവങ്ങളാണ്. കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചത് നായരമ്പലം കൊച്ചമ്പലത്തിനും കുടുങ്ങശ്ശേരിക്കും മധ്യേ സംസ്ഥാന പാതയിലുണ്ടായ അപകടത്തിലാണ്.
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു. കരിയാട് കവലയിലായിരുന്നു സംഭവം. ആശുപത്രിയിൽ ഡോക്ടറെ കാണുന്നതിനായി വീട്ടിൽനിന്നിറങ്ങിയ കാൽനടയാത്രക്കാരി ബൈക്കിടിച്ച് മരിച്ച സംഭവവുമുണ്ടായി. പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചത്, സീപോർട്ട്- എയർപോർട്ട് റോഡിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥി മരിച്ചത്, സ്കൂട്ടറിന് പിന്നില്‍ കാറിടിച്ച് സ്കൂട്ടര്‍ ഓടിച്ചിരുന്നയാൾ മരിച്ചത് തുടങ്ങി അപകടങ്ങൾ നിരവധിയാണ്. ബസ്, ക്രെയിൻ തുടങ്ങിയവയൊക്കെ അപകടത്തിൽപെട്ട് നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവങ്ങളുമുണ്ട്.
അപകടത്തിലേറെയും ഇരുചക്രവാഹനങ്ങൾ
ഏറ്റവുമധികം അപകടത്തിൽ പെടുന്നത് ഇരുചക്ര വാഹനങ്ങളാണെന്നാണ് വിലയിരുത്തൽ. മദ്യപിച്ച് വാഹനമോടിക്കുന്നത്, അമിത വേഗത, ഉറക്കമിളച്ചുള്ള ഡ്രൈവിങ് എന്നിവയൊക്കെ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. കൃത്യമായ പരിശോധനകളും അറ്റകുറ്റപ്പണികളും നടത്തി മാത്രം വേണം വാഹനം ഉപയോഗിക്കാൻ. വാഹനങ്ങളുടെ തകരാറുകൾ അപകടങ്ങൾക്ക് വഴിവെക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തെരുവുനായ്ക്കൾ വട്ടം ചാടുന്നത്, ബസുകളുടെ അമിത വേഗം എന്നിവയൊക്കെ അപകടത്തിന് കാരണമാകുന്നു. റോഡുകളുടെ ശോച്യാവസ്ഥയാണ് മറ്റൊരു പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

