പറവൂർ താലൂക്ക് ആശുപത്രി; വിവാദങ്ങൾക്കിടെ മോർച്ചറിയിൽ പുതിയ ഫ്രീസർ സ്ഥാപിച്ചു
text_fieldsപറവൂർ: മൃതദേഹം അഴുകിയ സംഭവം വിവാദമായതിനെത്തുടർന്ന് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ പുതിയ ഫ്രീസർ സ്ഥാപിച്ചു. ഒരേസമയം നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസറുകളാണ് സ്ഥാപിച്ചത്. രണ്ടാഴ്ചക്കകം രണ്ട് മൃതദേഹം സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസർ സ്ഥാപിക്കും. ഒരാഴ്ചക്കുള്ളിൽ പ്രവർത്തനസജ്ജമാകുമെന്ന് നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് പറഞ്ഞു. ആശുപത്രിയിലെ തകരാറിലായിരുന്ന മൊബൈൽ ഫ്രീസർ നന്നാക്കുകയും ചെയ്തു. എല്ലാ ഫ്രീസറുകളും പ്രവർത്തനക്ഷമമാകുമ്പോൾ ഒരേ സമയം 7 മൃതദേഹങ്ങൾ സൂക്ഷിക്കാനാകും.
ഇക്കഴിഞ്ഞ 16ന് മരിച്ച പരുവത്തുരുത്ത് സ്വദേശിനിയുടെ മൃതദേഹം താലൂക്ക് ആശുപത്രിയുടെ മൊബൈൽ ഫ്രീസറിൽ സൂക്ഷിച്ചപ്പോൾ അഴുകിയത് വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. മരണപ്പെട്ട വീട്ടമ്മയുടെ മകൻ ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതോടെ സംഭവം ചർച്ചാവിഷയമായി. മൃതദേഹം ആശുപത്രിയിലെത്തിച്ചപ്പോൾതന്നെ മൂന്ന് ദിവസത്തോളം പഴക്കമുണ്ടായിരുന്നെന്ന വാദവുമായി ആശുപത്രി അധികൃതർ രംഗത്തുവന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. അതോടെ, പുതിയ ഫ്രീസർ സജ്ജീകരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ നഗരസഭ, ആശുപത്രി അധികൃതർ നിർബന്ധിതരായി.
വീട്ടമ്മ മരിച്ച 16ന് വൈകീട്ട് നാലിനുതന്നെ മൃതദേഹം ആശുപത്രിയിലെത്തിച്ചെന്നും പിറ്റേന്ന് രാവിലെ എട്ടിന് പോസ്റ്റ്മോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെന്നും ഫ്രീസറിൽ വെച്ചത് വളരെ കുറച്ചു സമയം മാത്രമാണെന്നും അതിനകം മൃതദേഹം അഴുകിയത് വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടിയാണ് വീട്ടമ്മയുടെ മകൻ പരാതി നൽകിയത്. സംഭവത്തെത്തുടർന്ന് മോർച്ചറിയുടെ പ്രവർത്തനം അധികൃതർ നിർത്തിവെച്ചു. പിന്നീട് മൃതദേഹങ്ങൾ ഇവിടെ സൂക്ഷിച്ചില്ല. നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസറും ഒരു മൊബൈൽ ഫ്രീസറും ആശുപ്രതിയിൽ ഉണ്ടായിരുന്നെങ്കിലും എല്ലാത്തിനും തകരാറുകൾ ഉണ്ടായിരുന്നു. 15 വർഷം പഴക്കമുള്ളതായിരുന്നു നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസർ. കാലപ്പഴക്കവും മറ്റു പ്രശ്നങ്ങളും കാരണം അടിക്കടി കേടാകുന്നത് പതിവായിരുന്നു. പലതവണ നന്നാക്കിയിട്ടും തകരാർ ശാശ്വതമായി പരിഹരിക്കാനായില്ല. നാലുവർഷം മാത്രമേ പഴക്കമുള്ളൂവെങ്കിലും മൊബൈൽ ഫ്രീസറും തകരാറിലായിരുന്നു.
പറവൂർ, വൈപ്പിൻ മേഖലകളിലെ ആളുകൾ ആശ്രയിക്കുന്നത് താലൂക്ക് ആശുപത്രിയെയാണ്. മൃതദേഹങ്ങൾ സൂക്ഷിക്കാൻ കൂടുതൽ തുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നതായി പരാതികൾ ഉയരുകയും ചെയ്തു. നഗരസഭയുടെ പദ്ധതി വിഹിതം 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ ഫ്രീസറുകൾ സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

