നാടിന്റെ സാരഥികളായി ഇനി ഇവർ...
text_fieldsകൊച്ചി കോർപറേഷനിലെ പുതിയ കൗൺസിലർമാർ സത്യപ്രതിജ്ഞക്ക് ശേഷം
ഫോട്ടോക്ക് പോസ് ചെയ്യുന്നു
കൊച്ചി: ജില്ലയിലെ വിവധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ജില്ല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ജില്ല പഞ്ചായത്ത് പ്രിയദർശിനി ഹാളിലും കൊച്ചി കോർപ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ കോർപ്പറേഷന്റെ പുതിയ ഓഫിസിലെ കൗൺസിൽ ഹാളിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
നിലവിലെ ഭരണസമിതിയുടെ കാലാവധി ശനിയാഴ്ച അവസാനിച്ചതോടെയാണ് ഞായറാഴ്ച സത്യപ്രതിജ്ഞ നടത്തിയത്. അതേസമയം നഗരസഭകളിലെയും കോര്‍പറേഷനുകളിലെയും ചെയർപേഴ്സൺ, മേയര്‍ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഉച്ചക്ക് 2.30നുമാണ് നടക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ 27ന് യഥാക്രമം രാവിലെ 10.30നും ഉച്ചക്കു ശേഷം 2.30നും നടക്കും.
ജില്ല പഞ്ചായത്തംഗങ്ങളായി 28 പേർ
ജില്ല പഞ്ചായത്തിലേക്ക് 28 ഡിവിഷനുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഏറ്റവും മുതിർന്ന അംഗമായ ആലങ്ങാട് ഡിവിഷൻ പ്രതിനിധി സിന്റ ജേക്കബിന് വരണാധികാരിയും ജില്ല തെരഞ്ഞെടുപ്പ് ഓഫീസറുമായ ജില്ല കളക്ടർ ജി. പ്രിയങ്ക സത്യ വാചകം ചൊല്ലി കൊടുത്തു.
സിന്റ ജേക്കബ് മറ്റ് അംഗങ്ങള്‍ക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് അംഗങ്ങൾ സത്യപ്രതിജ്ഞ രജിസ്റ്ററിലും കക്ഷിബന്ധ റജിസ്റ്ററിലും ഒപ്പിട്ടു. കൂറുമാറ്റം സംബന്ധിച്ച പരാതികള്‍ വരുമ്പോള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരിഗണിക്കുന്ന പ്രധാന രേഖ കക്ഷിബന്ധ രജിസ്റ്ററാണ്.
സിന്റ ജേക്കബിന്റെ അധ്യക്ഷതയില്‍ ചേർന്ന ആദ്യ കൗൺസിൽ യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് ജില്ല പഞ്ചായത്ത് സെക്രട്ടറി പി.എം. ഷഫീഖ് വായിച്ചു. ചടങ്ങിൽ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ സുനിൽ മാത്യു എന്നിവർ പങ്കെടുത്തു.
നഗരത്തിന്റെ ചുമതലയേറ്റ് 76 പേർ
"കൊച്ചി കോർപ്പറേഷൻ കൗൺസിലറായ ഞാൻ... സത്യപ്രതിജ്ഞ ചെയ്യുന്നു", നഗരസഭയുടെ പുതിയ കൗൺസിൽ ഹാളിൽ മുഴങ്ങിയ സത്യവാചകങ്ങൾ കൊച്ചി നഗരത്തിന്റെ ഭരണപരമായ പുതിയൊരു തുടക്കത്തിന് സാക്ഷ്യം വഹിച്ചു. 76 ഡിവിഷനുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ശനിയാഴ്ച ഔദ്യോഗികമായി ചുമതലയേറ്റു.
കോർപ്പറേഷനിലെ ഏറ്റവും മുതിർന്ന അംഗവും 12ാം ഡിവിഷനായ ഗാന്ധിനഗറിൽ നിന്ന് വിജയിച്ച നിർമല ടീച്ചർക്ക് വരണാധികാരിയായ ജില്ല കലക്ടർ ജി. പ്രിയങ്ക സത്യവാചകം ചൊല്ലിക്കൊടുത്തതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് മറ്റ് കൗൺസിലർമാർക്ക് നിർമല ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അംഗങ്ങൾ സത്യപ്രതിജ്ഞാ രജിസ്റ്ററിലും കക്ഷിബന്ധ രജിസ്റ്ററിലും ഒപ്പുവെക്കുകയും ചെയ്തു.
സത്യപ്രതിജ്ഞക്ക് ശേഷം നിർമല ടീച്ചറുടെ അധ്യക്ഷതയിൽ ആദ്യ കൗൺസിൽ യോഗം ചേർന്നു. യോഗത്തിൽ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിനുള്ള തീയതികൾ കോർപ്പറേഷൻ സെക്രട്ടറി പ്രഖ്യാപിച്ചു. ചടങ്ങിൽ ഉമ തോമസ് എം.എൽ.എ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. നേരത്തെ ഹൈകോടതിക്ക് സമീപമുള്ള വഞ്ചി സ്ക്വയറിൽ മഹാത്മ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് യു.ഡി.എഫ് കൗൺസിലർമാർ കോർപ്പറേഷന്റെ പുതിയ ഓഫിസിലേക്ക് സത്യപ്രതിജ്ഞക്കായി എത്തിയത്. കെ.പി.സി.സി, ഡി.സി.സി നേതാക്കളും പ്രകടനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

