
യുക്രെയ്ൻ ഭടന്മാർ കണ്ണിൽ കുരുമുളകുപൊടി വിതറി; ഖാർകിവിൽ ദുരിതമെന്ന് മടങ്ങിയെത്തിയ വിദ്യാർഥികൾ
text_fieldsനെടുമ്പാശ്ശേരി: ഖർകീവിൽ മലയാളികൾ വലിയ ദുരിതം അനുഭവിക്കുന്നതായി അവിടെനിന്ന് മടങ്ങിയെത്തിയ വിദ്യാർഥികൾ. പലപ്പോഴും വിവരങ്ങൾ വെളിപ്പെടുത്തുമ്പോൾ കുട്ടികൾ വിങ്ങിപ്പൊട്ടുകയും ചെയ്തു. ഖാർകിവിലാണ് യുദ്ധം ശക്തമായി നടക്കുന്നത്. അവിടെനിന്ന് കൂടുതൽ കുട്ടികൾ മടങ്ങിയെത്തിയത് വെള്ളിയാഴ്ചയാണ്.
വെള്ളവും ഭക്ഷണവും കുറച്ചുമാത്രം കഴിച്ച് ബങ്കറുകളിൽ ഭയപ്പാടോടെ ദിവസങ്ങൾ കഴിച്ചുകൂട്ടേണ്ടി വന്നു. സ്ഫോടനങ്ങളുടെ ഞെട്ടൽ ഇപ്പോഴും അവരെ വിട്ടകന്നിട്ടില്ല. നിരവധിപേർ ഇപ്പോഴും ബങ്കറുകളിൽ കഴിയുകയാണ്. അതിർത്തിയിലും ഒട്ടേറെ ദുരിതങ്ങൾ സഹിക്കേണ്ടിവരുന്നു. അതിർത്തിയിൽ യുക്രെയ്ൻ ഭടന്മാർ കണ്ണിൽ കുരുമുളകുപൊടി വിതറിയതായി മുപ്പത്തടം സ്വദേശി സെയ്ദ് പറഞ്ഞു. മണിക്കൂറുകളോളം തണുപ്പ് സഹിച്ച് അതിർത്തിയിൽ കാത്തുകിടക്കേണ്ടിവന്നു.
ഫ്ലാറ്റിൽ ഒറ്റപ്പെട്ടുപോയ ചാരുംമൂട് സ്വദേശി അജ്മൽ ഉറങ്ങാതെയാണ് ഇത്രയും ദിവസം കഴിച്ചുകൂട്ടിയത്. ലൈറ്റ് ഇടാൻ അനുവാദമില്ലായിരുന്നു. ശബ്ദവും പുറത്തുകേൾക്കാൻ പാടില്ല. വെള്ളവും ഭക്ഷണവും കിട്ടാത്ത അവസ്ഥ ഉണ്ടായതായും ഇവർ പറയുന്നു.