നെടുമ്പാശ്ശേരിയെ കാർഗോ ഹബ്ബാക്കാൻ പദ്ധതി
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തെ (സിയാൽ) കേരളത്തിന്റെ കാർഗോ ഹബ്ബായി മാറ്റുന്നതിനായി പദ്ധതികൾ ആവിഷ്കരിച്ചതായി സിയാൽ പബ്ലിക് റിലേഷൻസ് എ.ജി.എം പി.എസ്. ജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് പ്രതിവർഷം 35,000 കോടി രൂപയുടെ കാർഗോ ഇടപാടുകൾ നടക്കുന്നുണ്ട്. ഇതിന്റെ 57 ശതമാനവും കൊച്ചി വിമാനത്താവളവും കൊച്ചി തുറമുഖവും വഴിയാണ്.
സംസ്ഥാനത്തെ എയർ കാർഗോയിൽ 60 ശതമാനവും കൊച്ചി വിമാനത്താവളം വഴിയാണ്. കോയമ്പത്തൂർ, തിരുപ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള കാർഗോയുടെ സിംഹഭാഗവും നെടുമ്പാശ്ശേരി വഴിയാണ്. നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ വരുന്നതോടെ വിമാനത്താവളവും റെയിൽവേയും ബന്ധപ്പെടുത്തി കൂടുതൽ കാർഗോ കൈകാര്യം ചെയ്യുന്നതിന് പദ്ധതി തയാറാക്കും.
യൂറോപ്പിലേക്കുള്ള കയറ്റുമതിക്ക് ഏറെ നിബന്ധനകളുണ്ട്. ഇതേക്കുറിച്ച് കയറ്റുമതിക്കാർക്ക് വിവരം നൽകാൻ പാക്ക് ഹൗസ് സ്ഥാപിക്കും. ലോജിസ്റ്റിക് പാർക്ക്, സ്വതന്ത്ര വ്യാപാര മേഖല എന്നിവയും വിഭാവനം ചെയ്തുവരുന്നുണ്ട്. തപാൽ വകുപ്പുമായി ചേർന്ന് ചെറുകിട കർഷകരുടെ ഉൽപന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനും പദ്ധതി തയാറാക്കും. വളർത്തുമൃഗങ്ങളെ നെടുമ്പാശ്ശേരിവഴി കൂടുതലായി കയറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ട്. മികച്ച രീതിയിൽ കാർഗോ കൈകാര്യം ചെയ്യുന്ന ഏജൻസികളെ എല്ലാവർഷവും ആദരിക്കുകയും ചെയ്യും.
വാർത്തസമ്മേളനത്തിൽ സിയാൽ കാർഗോ ഹെഡ് സതീഷ് കുമാർ പൈ, ഫിക്കി കേരള ഹെഡ് സാവിയോ മാത്യു എന്നിവരും സംബന്ധിച്ചു.
കാർഗോ ബിസിനസ് സമ്മിറ്റ് 31ന് തുടങ്ങും
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി ഫിക്കിയുമായി സഹകരിച്ച് അന്തർദേശീയ കാർഗോ ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കും. സിയാൽ കൺവെൻഷൻ സെന്‍ററിൽ ഈ മാസം 31, ഫെബ്രുവരി ഒന്ന് തീയതികളിലായാണ് സമ്മിറ്റ്. ഒന്നിന് രാവിലെ 11.30ന് പ്ലീനറി സെഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അമ്പതോളം എക്സിബിഷൻ സ്റ്റാളുകളുണ്ടാകും. എക്സിബിഷനിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

