സിയാലിെൻറ ഹരിതോർജ ഉൽപാദനം: 25 കോടി യൂനിറ്റായി പ്രതിദിനം ഉൽപാദിപ്പിക്കുന്നത് രണ്ടുലക്ഷം യൂനിറ്റോളം വൈദ്യുതി
text_fieldsനെടുമ്പാശ്ശേരി: ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാൽ ഹരിതോർജ ഉൽപാദനത്തിൽ ഒരു നാഴികക്കല്ല് പിന്നിടുന്നു. സിയാൽ നാളിതുവരെ ഉൽപാദിപ്പിച്ച സൗരോർജ വൈദ്യുതിയുടെ അളവ് 25 കോടി യൂനിറ്റായി. അരിപ്പാറയിലെ ജലവൈദ്യുതി പദ്ധതിയിൽനിന്നുള്ള ഊർജോൽപാദനത്തിന് പുറമെയാണിത്.
2013ൽ പരീക്ഷണാടിസ്ഥാനത്തിൽ വിമാനത്താവള ടെർമിനലിന് മുകളിൽ 100 കിലോവാട്ട് പ്ലാന്റ് സ്ഥാപിച്ചാണ് സിയാൽ ഹരിതോർജ ഉൽപാദനത്തിന് തുടക്കമിട്ടത്. പരീക്ഷണം വിജയമായതോടെ നിരന്തരം പുതിയ പ്ലാന്റുകൾ സ്ഥാപിച്ചു. 2015ൽ സിയാൽ ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായി. അന്ന് 13.1 മെഗാവാട്ടായിരുന്നു മൊത്തം സ്ഥാപിതശേഷി. നിലവിൽ വിമാനത്താവള പരിസരത്ത് മാത്രം സിയാലിന് എട്ട് പ്ലാന്റുകളുണ്ട്. 2022 മാർച്ചിൽ പയ്യന്നൂരിലെ 12 മെഗാവാട്ട് പ്ലാന്റ് കമീഷൻ ചെയ്തതോടെ മൊത്തം സ്ഥാപിത ശേഷി 50 മൊഗാവാട്ടായി. പയ്യന്നൂർ പ്ലാന്റിൽനിന്നു മാത്രം നാളിതുവരെ ഒരുകോടി യൂനിറ്റ് വൈദ്യുതി ലഭിച്ചു. 2022 നവംബറിൽ ഉദ്ഘാടനം ചെയ്ത അരിപ്പാറ ജലവൈദ്യുതി പദ്ധതിയിൽനിന്ന് 75 ലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇതുവരെ ലഭിച്ചത്.
സിയാലിന്റെ സൗരോർജ പദ്ധതിയിൽനിന്നുള്ള ഊർജ ഉൽപാദനം 25 കോടി പിന്നിട്ടതോടെ പരിസ്ഥിതി സൗഹാർദ വികസന മാതൃകയിൽ പുതിയൊരു അധ്യായം സൃഷ്ടിക്കുകയാണ്. ഇതോടെ 1.6 ലക്ഷം മെട്രിക് ടൺ കാർബൺ പാദമുദ്ര ഒഴിവാക്കാൻ സിയാലിന് കഴിഞ്ഞു.
പരിസ്ഥിതി സൗഹാർദവും സുസ്ഥിരവുമായ പരമാവധി പദ്ധതികൾ നടപ്പാക്കുകയെന്നതാണ് സിയാലിന്റെ വികസന നയമെന്ന് മാനേജിങ് ഡയറക്ടർ എസ്. സുഹാസ്. പറഞ്ഞു. 'ഊർജ സ്വയംപര്യാപ്തമായ സ്ഥാപനം എന്നതിനപ്പുറം ഊർജോൽപാദകരായി സിയാൽ മാറുന്നു. പ്രതിദിനം രണ്ടുലക്ഷം യൂനിറ്റോളം വൈദ്യുതി ഉൽപാദിപ്പിക്കുന്നു. 1.6 ലക്ഷം യൂനിറ്റാണ് വിമാനത്താവളത്തിന്റെ പ്രതിദിന ഊർജ ഉപഭോഗം. നാലുകോടി യൂനിറ്റ് അധിക വൈദ്യുതിയാണ് ഇതുവരെ സംസ്ഥാന ഗ്രിഡിലേക്ക് നൽകിയത്. വൈദ്യുതി ബോർഡ് കഴിഞ്ഞാൽ, സംസ്ഥാനത്തെ ഏറ്റവും വലിയ ഊർജ ഉൽപാദകരാണ് സിയാൽ' -സുഹാസ് കൂട്ടിച്ചേർത്തു. സൗരോർജ പ്ലാന്റുകളിൽ പച്ചക്കറി കൃഷി നടപ്പാക്കാൻ അഗ്രി ഫോട്ടോ വോൾട്ടായിക് രീതി സിയാൽ ഈയിടെ നടപ്പാക്കിയിരുന്നു. ഇതുവരെ 90 മെട്രിക് ടൺ ജൈവ പച്ചക്കറി, കാർഗോ ടെർമിനലിനടുത്തുള്ള പ്രധാന പ്ലാന്റിൽനിന്ന് ലഭിച്ചു.