ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ
text_fieldsഖുസിദുൽ ഇസ്ലാം
മൂവാറ്റുപുഴ: രണ്ടര ലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. മുളവൂർ തച്ചോടത്തുംപടി ഭാഗത്ത് വാടകക്ക് താമസിച്ചുവരുന്ന മുർഷിദാബാദ് ഫരീദ്പുർ സ്വദേശി ഖുസിദുൽ ഇസ്ലാമിനെയാണ് (34) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളിൽനിന്ന് 23 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. ഒരാഴ്ച മുമ്പാണ് ഇയാൾ കൊൽക്കത്തയിൽനിന്ന് എത്തിയത്.
അന്തർ സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ വിൽപനയായിരുന്നു ഇയാളുടെ ലക്ഷ്യം. പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഓടിച്ചുപിടികൂടുകയായിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്. മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ സി.ജെ. മാർട്ടിൻ എ.എസ്.ഐ പി.സി. ജയകുമാർ, ബിബിൽ മോഹൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

