വീട്ടുവേലക്ക് എത്തിച്ച ഏഴു വയസ്സുകാരി പൊളളലേറ്റ് മരിച്ച കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടു
text_fieldsമൂവാറ്റുപുഴ: വീട്ടുവേലക്ക് എത്തിച്ച തമിഴ്നാട് സ്വദേശിനിയായ ഏഴു വയസുകാരി പൊളളലേറ്റ് മരിച്ച കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ട് മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി ഉത്തരവായി. ആലുവ അശോകപുരത്തെ വീട്ടിലാണ് തമിഴ്നാട് സ്വദേശിനിയായ ധനലക്ഷ്മി പീഡനത്തിനിരയായി പൊള്ളലേറ്റു മരിച്ചത്. ഒന്നാം പ്രതി അശോകപുരം അനന്താശ്രമം വീട്ടിൽ സിന്ധു നായർ (52), ഭർത്താവ് ഹൈകോടതി അഭിഭാഷകൻ ജോസ് കുര്യൻ (51), കുട്ടിയെ ജോലിക്കെത്തിച്ച ഏജന്റ് കടലൂർ കടപ്പാക്കുറിച്ചി സ്വദേശി നാഗപ്പൻ (61) എന്നിവരെയാണ് വെറുതെ വിട്ടത്. മറ്റൊരു ഏജൻറ് ചേരാനല്ലൂർ വലിയവീട്ടിൽ ഷൈല നാസറിനെ (50) കുറ്റക്കാരിയല്ലെന്നു കണ്ടു സെഷൻസ് കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
2011 ഫെബ്രുവരി 24നാണ് സംഭവം ഉണ്ടായത്. ശരീരമാകെ മുറിവും ചതവും പൊള്ളലുമേറ്റ കുട്ടി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരിക്കുന്നതിനു രണ്ടു ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നാം പ്രതി നാഗപ്പന്റെ ഭാര്യാസഹോദരിയുടെ മകളാണ് മരിച്ച കുട്ടി. ഏജന്റ് ഷൈല മുഖേനയാണ് കുട്ടിയെ സിന്ധു നായരുടെ വീട്ടിലെത്തിച്ചത്.
സംരക്ഷിക്കാമെന്ന പ്രതികളുടെ വാക്ക് വിശ്വസിച്ചും പണം വാങ്ങിയുമാണ് കുട്ടിയെ മാതാപിതാക്കൾ വിട്ടുനൽകിയത്. എന്നാൽ, കുട്ടിയെ വീട്ടിൽ അടിമവേല ചെയ്യിപ്പിക്കുകയായിരുന്നു. ജോലി ഭാരത്താൽ അവശയായപ്പോഴെല്ലാം ക്രൂരമായി പീഡിപ്പിച്ചു. തിളച്ച വെള്ളം ദേഹത്ത് ഒഴിച്ചും സിഗരറ്റ് കുറ്റി കുത്തി പൊള്ളിച്ചും വിറകിന് അടിച്ചും പീഡിപ്പിച്ചു.പ്രോസിക്യൂഷന് വേണ്ടത്ര തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടികാട്ടിയാണ് പോക്സോ കോടതി ജഡ്ജി ജി. മഹേഷ് പ്രതികളെ വെറുതെ വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

