വിശപ്പകറ്റാൻ ഹങ്കർ ഹണ്ടുമായി സ്റ്റുഡന്റ് പൊലീസ് കാഡറ്റ്
text_fieldsരാമമംഗലം ഹൈസ്കൂൾ എസ്.പി.സി ഹങ്കർ ഹണ്ട് പദ്ധതിയുടെ ഭാഗമായി കാഡറ്റുകൾ ശേഖരിച്ച വസ്ത്രങ്ങൾ മൂവാറ്റുപുഴ
ക്ലോത്ത് ബാങ്കിൽ നൽകുന്നു
മൂവാറ്റുപുഴ: വിശപ്പകറ്റാൻ ഹങ്കർ ഹണ്ട് പദ്ധതിയുമായി രാമമംഗലം ഹൈസ്കൂൾ സ്റ്റുഡന്റ് പൊലീസ്. പുതുമ നഷ്ടപ്പെടാത്ത ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ ശേഖരിക്കുകയും അവ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് അഗതി മന്ദിരങ്ങളിലും വ്യദ്ധ സദനങ്ങളിലും കഴിയുന്നവർക്ക് ഭക്ഷണം നൽകുകയുമാണ് പദ്ധതി.
സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളിൽനിന്നും അധ്യാപകരിൽനിന്നും നന്നായി കഴുകി തേച്ച് അണുമുക്തമാക്കി ശേഖരിച്ച വസ്ത്രങ്ങൾ വിവിധ വിഭാഗങ്ങളായി തരം തിരിച്ചു മൂവാറ്റുപുഴയിൽ ആരംഭിച്ച ഫാ .ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റ് ക്ലോത്ത് ബാങ്കിൽ നൽകി.
വിവാഹം ഉൾപ്പെടെയുള്ള വിശേഷാവസരങ്ങളിൽ ഉപയോഗിച്ച വസ്ത്രങ്ങൾ ഉൾപ്പെടെ ആളുകൾക്ക് ദാനം ചെയ്യാം. പുതുമ നഷ്ടപ്പെടാത്ത വസ്ത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. കാഡറ്റുകൾ ശേഖരിച്ച വസ്ത്രങ്ങൾ മൂവാറ്റുപുഴ ക്ലോത്ത് ബാങ്കിൽ ഹെഡ്മാസ്റ്റർ മണി.പി.കൃഷ്ണൻ, എൽബി എൽദോക്ക് നൽകി ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ സജിമോൻ, പി.ടി.എ പ്രസിഡന്റ് ടി.എം. തോമസ്, കമ്യൂണിറ്റി പൊലീസ് ഓഫിസർ മാരായ അനൂബ് ജോൺ,സ്മിത കെ വിജയൻ,അജീഷ്, മധു, ശാന്തി എന്നിവർ പങ്കെടുത്തു.