സ്ലാബിനിടയിൽ കാൽ കുടുങ്ങി വീട്ടമ്മക്ക് പരിക്ക്
text_fieldsമൂവാറ്റുപുഴ: നടപ്പാതയിലെ സ്ലാബുകൾക്കിടയിൽ വീട്ടമ്മയുടെ കാൽ കുടുങ്ങി. മുടവൂർ വാലുപറമ്പിൽ രമണിയുടെ (67) വലതുകാലാണ് സ്ലാബിനിടയിൽ കുടുങ്ങിയത്. നഗരത്തിലെ കാവുംപടി റോഡിൽ ഗണപതി അമ്പലത്തിന് സമീപത്തെ ഫുട്പാത്തിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.
ബന്ധുവീട്ടിൽ പോകാൻ മകൻ അമലിനൊപ്പം എത്തിയതായിരുന്നു ഇവർ. കാറിൽനിന്ന് ഇറങ്ങി നടക്കുന്നതിനിടെ കാൽ കുടുങ്ങുകയായിരുന്നു. സാരമായി പരിക്കേൽക്കുകയും ചെയ്തു. കാൽ പുറത്തെടുക്കാനാവാതെ വന്നതോടെ ഇവർ അഗ്നിരക്ഷാസേനയുടെ സഹായം തേടി. സ്ഥലത്ത് എത്തിയ അഗ്നിരക്ഷാസേന അംഗങ്ങൾ സ്ലാബ് മാറ്റി ഇവരെ രക്ഷപ്പെടുത്തി.
കാവുംപടി റോഡിലെ ഫുട്പാത്തുകളുടെ പല ഭാഗത്തും സ്ലാബുകൾ തകർന്ന് കിടക്കുകയാണ്. ഇതിനുപുറമെ, കാടും കയറിയിട്ടുണ്ട്. പല ഭാഗത്തും കാടുകയറി മൂടിയതിനാൽ തകർന്ന സ്ലാബ് ശ്രദ്ധയിൽപെടില്ല. മുമ്പ് പലരുടെയും കാലുകൾ സ്ലാബിനിടയിൽ കുടുങ്ങിയിട്ടുണ്ട്. നാട്ടുകാർ പലതവണ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.